മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ കുടിവെള്ള വിതരണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്‍കി.. കൊറോണ രോഗ വ്യാപനത്തെ തുടർന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. പഞ്ചായത്തുകള്‍ക്ക് കുടിവെള്ള വിതരണത്തിന് തനത് ഫണ്ട് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടങ്കിലും പലപഞ്ചായത്തുകളിലും തനത് ഫണ്ടിന്റെ കുറവു മൂലം വാഹനങ്ങളിൽ എത്തിക്കുവാൻ കഴിയുന്നില്ല. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കുടിവെള്ള പദ്ധതികളില്‍ ഏറെയും മൂവാറ്റുപുഴയാറിനെയും, പെരിയാറിനെയും, പെരിയാര്‍ വാലി, എം.വി.ഐ.പി.കനാലുകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

വേനല്‍ കനത്തതോടെ പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ ഒട്ടുമിക്ക കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനം അവതാളത്തിലായി.

വാട്ടര്‍ അതോറിറ്റിയുടെയും, ഗ്രാമീണ കുടിവെള്ള പദ്ധതികളുടെയും പമ്പ് ഹൗസുകളിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ പലകുടിവെള്ള പദ്ധതികളിലും പമ്പിംഗ് മുടങ്ങി​.

പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണികളുടെ കാലതാമസവും സുഗമമായ കുടിവെള്ള വിതരണത്തിന് തടസം സൃഷിക്കുകയാണ്.