പറവൂർ: കൊവിഡ് -19 ഭീതിയിൽ നിൽക്കുമ്പോഴും പ്രത്യാശയുടെ കിരണങ്ങൾ പരത്തി ലോക്ക്ഡൗൺ ആലസ്യത്തിൽ നിന്ന് ഉണർന്നെഴുന്നേൽക്കാൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രചോദനമാകുകയാണ് ഒരുകൂട്ടം അദ്ധ്യാപകർ. കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശങ്കകൾ അകറ്റി ഉപരിപഠന സാദ്ധ്യതകളെ അടുത്തറിയുവാനും ഉന്നതപഠന മേഖലകൾ ആസൂത്രണം ചെയ്യാനും സഹായിക്കുന്ന 'നേർവഴി 2020'ന് ജില്ലയിൽ തുടക്കമായി.

അപ്രതീക്ഷിതമായി ലഭിച്ച ഒഴിവുകാലം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുവാനും തങ്ങളുടെ കരിയർ രൂപപ്പെടുത്താൻ സഹായിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നൂതന കോഴ്സുകൾ ,തൊഴിൽ സാദ്ധ്യതകൾ, ഉപരിപഠന സംബന്ധിയായ സംശയങ്ങൾ, ദേശീയ തലത്തിലുള്ള വിവിധ പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിങ്ങനെ ഉന്നതപഠന മേഖലകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകും. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധ അദ്ധ്യാപകരുടെ പാനലാണ് ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ഹയർ സെക്കൻ‌ഡറി വിദ്യാർത്ഥികൾക്കായി ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കുന്നുണ്ട്. സ്കൂൾ തലത്തിലുള്ള സംശയദൂരീകരണം കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബുകളുടെ ചുമതലയുള്ള അദ്ധ്യാപകർ നടത്തണം. തുടർ സേവനങ്ങൾ ഓൺലൈനായി ലഭിക്കുവാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദ്ധരുടെ പാനൽ സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ നിർദേശപ്രകാരമാണ് രൂപീകരിച്ചിരിക്കുന്നത്. കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ ഡോ. സി.എ. ബിജോയ്, ജോയിന്റ് കോ ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര എന്നിവർ നേതൃത്വം നൽകുന്നു.