തോപ്പുംപടി: വേനൽ കനത്തതോടെ പടിഞ്ഞാറൻ കൊച്ചിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.കഴിഞ്ഞ രണ്ടര മാസമായി മുണ്ടംവേലി ഭാഗത്ത് പൈപ്പ് വഴി കുടിവെള്ളം കിട്ടാറില്ല. പലരും കുഴൽ കിണർ വഴിയുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ടാങ്കർ ലോറി വഴി കുടി വെള്ളം എത്തിക്കണമെന്ന് സ്ഥലം കൗൺസിലറോട് ആവശ്യപ്പെട്ടിട്ടും പരിഹാരമി​ല്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും പല തവണ പരാതി നൽകിയിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ഇടക്കൊച്ചി, പെരുമ്പടപ്പ്, ചെല്ലാനം, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളത്തിനായി വീട്ടമ്മമാർ നെട്ടോട്ടത്തിലാണ്. ചില ദിവസങ്ങളിൽ പൈപ്പിൽ നിന്നും വരുന്നത് ചെളി നിറഞ്ഞതും മഞ്ഞ കലർന്ന വെള്ളവുമാണ്. ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലെ പല വാർഡുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. പഞ്ചായത്ത് വഴി ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത് . വരും ദിവസങ്ങളിൽ വേനൽ കനക്കുന്നതോടെ കുടിവെള്ളള ക്ഷാമം ഇനിയും രൂക്ഷമാകും. ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർ കരി ഭാഗത്ത് കുടിവെള്ളം എത്തിക്കുന്നത് വഞ്ചിയിലാണ്. കൊച്ചിൻ കോർപ്പറേഷന്റെഭാഗമായ പെരുമ്പടപ്പിൽ നിന്നാണ് കുടിവെള്ളം കുതിരക്കൂർ കരിയിൽ എത്തിക്കുന്നത്. ആലുവ, പാഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പടിഞ്ഞാറൻ കൊച്ചിയിലേക്ക് വരുന്ന പൈപ്പ് വെള്ളം ഫ്ളാറ്റുകൾക്കും മറ്റും വിൽപ്പന നടത്തുന്നുവെന്ന് പരാതി​യുണ്ട്. കൊച്ചിൻ കോർപ്പറേഷന്റെ അനുമതി ലഭിക്കാത്ത കൊച്ചിയിലെ പല ഫ്ളാറ്റുകൾക്കും വെള്ളവും വെളിച്ചവും ഇതുവരെ ലഭിച്ചിട്ടില്ല. ഇൗ ഫ്ളാറ്റുകാരാണ് കുടിവെള്ളം പണം മുടക്കി വാങ്ങുന്നത്.

ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർ കരി ഭാഗത്ത് കുടിവെള്ളം എത്തിക്കുന്നത് വഞ്ചിയിലാണ്

ചില ദിവസങ്ങളിൽ പൈപ്പിൽ നിന്നുംവരുന്നത് ചെളി നിറഞ്ഞ് മഞ്ഞ കലർന്ന വെള്ളം