കോലഞ്ചേരി:നന്മയുടെ ഉറവ വറ്റാത്തവർക്ക് നന്ദി, ആരും സഹായത്തിനില്ലാതെ വാഴക്കുളത്തെ ഒറ്റമുറി വീട്ടിൽ പ്രസവിച്ച് രക്തം വാർന്നു കിടന്ന ശേഷം ചികിത്സിച്ച് രക്ഷപ്പെട്ട അസം സ്വദേശിനി മണിരാൻ നെസയും കുഞ്ഞും പുതിയ വീട്ടിൽ സുഖമായിരിക്കുന്നു. ഇന്നലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വാഴക്കുളത്തിനടുത്ത് മാവിൻ ചുവട്ടിലെ പുതിയ വീട്ടിലെത്തുമ്പോൾ സ്വീകരിക്കാൻ എം.എൽ.എ വി.പി സജീന്ദ്രനുമെത്തി. ഇദ്ദേഹത്തിനൊപ്പം ജനറൽ ആശുപത്രി ആർ.എം.ഒ ഡോ.സിറിയക്കിന്റെയും ഇടപെടലാണ് കോവിഡ് 19 തിരക്കുകൾക്കിടയിലും ഇവരുടെ ജീവൻ തിരിച്ചു കിട്ടാനിടയായത്. പെരുമ്പാവൂർ മുടിക്കലിൽ വാടക കെട്ടിടത്തിലായിരുന്നു അഞ്ചു വയസുകാരി മൂത്ത മകളോടൊപ്പം ഇവർ താമസിച്ചിരുന്നത്. ഭർത്താവ് ഒരാഴ്ച മുമ്പ് നാട്ടിലേയ്ക്കെന്നു പറഞ്ഞു പോയതാണ്. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ മാർച്ച് 27 നാണ് ഒറ്റ മുറി വീട്ടിൽ യുവതി പ്രസവിച്ചത്. പ്രസവ വേദന വന്നപ്പോൾ ഇവർ സഹവാസികളെ വിവരമറിയിച്ചെങ്കിലും ലോക്ക് ഡൗണിൽ എന്ത് ചെയ്യണമെന്ന് അന്യ സംസ്ഥാന തൊഴിലാളികളായ ഇവർക്ക് നിശ്ചയമില്ലായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ സമീപ വാസിയുടെ ഓട്ടോയിൽ,പൊക്കിൾ കൊടി വിട്ടകലും മുമ്പ് ഇവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അമിത രക്ത സ്രാവത്തെ തുടർന്ന് എച്ച്.ബി കൗണ്ട് കുറഞ്ഞ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.അവിടെ എത്തുമ്പോഴേക്കും യുവതിയുടെ നില ഗുരുതരമായി. ഹീമൊഗ്ലോബിൻ കൗണ്ട് മൂന്നിലേക്കു താഴ്ന്നു. മരണം വഴിമാറിയത് തലനാരിഴയ്ക്കായിരുന്നുവെന്ന് ഡോ. പി.ജെ. സിറിയക് പറയുന്നു. അവിടെയും നാട്ടുകാരും, സാമൂഹ്യ പ്രവർത്തകരുമാണ് യുവതിയ്ക്ക് തുണയായത്. നേരത്തെ ഇവർ താമസിച്ചിരുന്ന സ്ഥലം താമസ യോഗ്യമല്ലാത്തതിനാലും, മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപാർക്കുന്നതിനാലും വൃത്തിയായ ശുചി മുറി ഉൾപ്പെടെ നവജാത ശിശുവിന് ആരോഗ്യപരമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതു കൊണ്ടുമാണ് ഇവരെ പുതിയ കേന്ദ്രത്തിലേയ്ക്ക് മാറ്റയത്. ഇതിനായി പുതിയ മുറി നാട്ടുകാരിൽ ഒരാൾ സൗജന്യമായി നല്കി. മുറിയിലേയ്ക്ക് വേണ്ട ഫാനും അനുബന്ധ ഉപകരണങ്ങളും നാട്ടുകാർ തന്നെ ഒരുക്കി. ഇവരുടെ തുടർ ദിവസങ്ങളിലെ ഭക്ഷണ കാര്യങ്ങളും നാട്ടുകാർ നോക്കുമെന്ന് എം.എൽ.എ വി.പി സജീന്ദ്രൻ പറഞ്ഞു.