കൊച്ചി: ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും ഡീസലും തീരാറായി കടലിൽ കുടുങ്ങിയ മത്സ്യബന്ധനബോട്ടിന് നാവികസേന തുണയായി. പരശീലന കപ്പലായ ഐ.എൻ. നിരീക്ഷക് ബോട്ടിന് ആവശ്യമായ വസ്തുക്കൾ എത്തിച്ചു നൽകി ബോട്ടിന്റെ തുടർയാത്ര സാദ്ധ്യമാക്കി.
തമിഴ്നാട്ടിലെ കുളച്ചൽ സ്വദേശികളുടെ സെന്റ് നിക്കോളാസ് ബോട്ടാണ് പത്തു തൊഴിലളികളുമായി കൊച്ചി പുറംകടലിൽ കുടുങ്ങിയത്. മാർച്ച് 12ന് കൊച്ചി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടതാണ് സംഘം. പിടിച്ച മത്സ്യവുമായി കുളച്ചലിൽ അടുക്കുകയായിരുന്നു ലക്ഷ്യം. ഡീസൽ കുറയുകയും ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും തീരുകയും ചെയ്തതോടെ തുറമുഖത്തേയ്ക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. പരിശീലനയാത്രയ്ക്കിടെ ബോട്ട് ജീവനക്കാരിൽ നിന്ന് വിവരം മനസിലാക്കിയ നിരീക്ഷക് കപ്പൽ 300 ലിറ്റർ ഡീസലും ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും ബോട്ടിന് കൈമാറി. കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ കൈതൊടാതെ കപ്പലിലെ ക്രെയിൻ ഉപയോഗിച്ചാണ് വസ്തുക്കൾ ബോട്ടിലിറക്കിയത്. തുടർന്ന് ബോട്ട് കുളച്ചലിലേയ്ക്ക് യാത്ര തിരിച്ചു.