വൈപ്പിൻ : കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതിനാൽ കഴിഞ്ഞ മൂന്നുമാസമായി മത്സ്യബന്ധനയാനങ്ങളിലെ തൊഴിലാളികളും കരയിലെ അനുബന്ധതൊഴിലാളികളും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഇന്ധനച്ചെലവും മറ്റ് ചെലവുകളും സഹിച്ച് വൻനഷ്ടത്തിലായിരുന്നു ബോട്ടുടമകൾ.
അഞ്ഞൂറോളം മത്സ്യബന്ധനബോട്ടുകളുള്ള മുനമ്പം മത്സ്യമേഖലയും മുന്നൂറോളം ബോട്ടുകളുള്ള വൈപ്പിൻ മത്സ്യമേഖലയും കടൽക്ഷോഭകാലത്തേക്കാൾ ഭീതിയിലായിരുന്നു ഈ ദിനങ്ങളിൽ. രണ്ട് മേഖലയിmgയും ബോട്ടുകൾ ഊഴംവെച്ച് കുറെ ബോട്ടുകൾ മാത്രമായിരുന്നു കടലിലേക്ക് ഇറങ്ങിയത്. തൊഴിലും വ്യവസായവും അവശതതിയിലായിരിക്കുമ്പോഴാണ് ഇപ്പോൾ കൊവിഡ് -19 ഭീതിയും വന്നുപ്പെട്ടിരിക്കുന്നത്. ഇതോടെ പാമ്പ് കടിയേറ്റവന്റെ തലയിൽ ഇടിവെട്ടേറ്റ സ്ഥിതിയിലായി മുനമ്പം വൈപ്പിൻ മത്സ്യമേഖല. അന്യസംസ്ഥാന തൊഴിലാളികളേറെയും നാടുവിട്ടു. ശേഷിച്ചവരെ സംരക്ഷിക്കേണ്ട സ്ഥിതിയിലുമായി ബോട്ടുടമകൾ.
എല്ലാവർഷവും സർക്കാർ പ്രഖ്യാപിക്കാറുള്ള ട്രോളിംഗ് നിരോധനം ഇനി ഏറെ അകലെയല്ല. ജൂൺ ഒന്നുമുതൽ ജൂലായ് മുപ്പത്തിയൊന്ന് വരെയുള്ള രണ്ടുമാസമാണ് ട്രോളിംഗ് നിരോധനകാലം. ലോക്ക് ഡൗൺ സർക്കാർ പിൻവലിച്ചുകഴിഞ്ഞാൽ ബോട്ടുകൾക്ക് കടലിൽ പോകാനാകും. അപ്പോഴേക്കും വർഷകാലത്തുള്ള മത്സ്യസമ്പത്ത് കൊണ്ട് കടൽ സമ്പന്നമാകുമെന്നാണ് പൊതുവെ വിലയിരുത്തൽ. എന്നാൽ ജൂൺ ഒന്നിന് പതിവുപോലെ ട്രോളിംഗ് നിരോധനം പ്രാബല്യത്തിലായാൽ ഈ പ്രതീക്ഷയും തകരും. മുഖ്യമന്ത്രിയുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭ്യർത്ഥന.
# ട്രോളിംഗ് നിരോധനത്തിൽ ഇളവ് വേണം
ഇത്തവണത്തെ ട്രോളിംഗ് നിരോധനം ഇളവ് ചെയ്ത് മത്സ്യമേഖലയെ സഹായിക്കണമെന്ന് മുനമ്പം ബോട്ട് ഓണേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.പി. ഗിരീഷ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു
.ഐസ് പ്ലാന്റുകൾ, മറൈൻ വർക്ക്ഷോപ്പുകൾ, ബോട്ട് യാർഡുകൾ എന്നിവയും പ്രതിസന്ധിയിലായി. പൊതുവെ വരുമാനം കുറഞ്ഞ വലപ്പണിക്കാർ, പീലിംഗ് ഷെഡ് തൊഴിലാളികൾ തുടങ്ങിയവരും പട്ടിണിയിലായി.ട്രോളിംഗ് നിരോധനം ഇനി ഏറെ അകലെയല്ല.