alcohol

കൊച്ചി : മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവും ഇതിന്മേൽ ബിവറേജസ് കോർപ്പറേഷന്റെ നടപടികളും ഹൈക്കോടതി മൂന്നാഴ്‌ചത്തേക്ക് സ്റ്റേ ചെയ്തു. മാർച്ച് 30ലെ ഉത്തരവിനെതിരെ ടി.എൻ. പ്രതാപൻ എം.പിയും കേരള ഗവൺമെന്റ് മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) തമ്മനം സ്വദേശി ജോസ് മാത്യുവും നൽകിയ ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ലോക്ക് ഡൗൺ കാരണം മദ്യവില്പനശാലകൾ അടയ്ക്കേണ്ടി വന്നതിനാലാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. ചികിത്സ നൽകുന്നതിനു പകരം മദ്യം നൽകാനുള്ള ഉത്തരവ് ഡോക്ടർമാരെ അവഹേളിക്കുന്നതാണെന്ന് ടി.എൻ. പ്രതാപൻ ആരോപിച്ചു. ഡോക്ടർമാരുടെ പ്രതിജ്ഞയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിക്കുന്നതാണെന്ന് കെ.ജി.എം.ഒ.എ വാദിച്ചു.

വീഡിയോ കോൺഫറൻസ് മുഖേന ഹർജികൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് മദ്യാസക്തി കുറയ്ക്കാൻ മദ്യം നൽകുന്നത് ചികിത്സാ രീതിയല്ലെന്നിരിക്കെ ഡോക്ടർമാർ കുറിപ്പടി നൽകുന്നത് ദുരന്തമാകില്ലേയെന്ന് വാക്കാൽ ചോദിച്ചു. മദ്യം നൽകണോയെന്ന് ഡോക്ടർക്ക് തീരുമാനിക്കാമെന്നായിരുന്നു സർക്കാരിന്റെ വാദം. ചിലർ ആത്മഹത്യ ചെയ്തതും സർക്കാർ ചൂണ്ടിക്കാട്ടി. കുറിപ്പടി നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുമ്പോൾ സർക്കാർ ഉത്തരവിന്റെ പ്രസക്തിയെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മെഡിക്കൽ ഒാഫീസർമാർക്ക് ഇങ്ങനെയൊരു ഉത്തരവു നൽകാൻ നികുതിവകുപ്പ് സെക്രട്ടറിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി മാർച്ച് 31 ന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കെ.ജി.എം.ഒ.എ വിശദീകരിച്ചു. തുടർന്നാണ് ഉത്തരവ് സ്റ്റേ ചെയ്തത്.