covid
പല്ലാരിമംഗലം പഞ്ചായത്ത് വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യധാന്യ കിറ്റുകൾ

കോതമംഗലം: കോവിഡ്-19 നെ ചെറുക്കാൻ താമസ സ്ഥലങ്ങളിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തു. പഞ്ചായത്ത് സ്വന്തം നിലയിലാണ് ഭക്ഷണ കിറ്റിനുള്ള ഫണ്ട് കണ്ടെത്തിയത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരു യൂണീറ്റ് എന്ന് കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് കിലോ അരി, ഒരു കിലോ ഉരുളക്കിഴങ്ങ്, ഒരു കിലോ സവാള, ഇരുന്നൂറ് ഗ്രാം മുളക് പൊടി, ഇരുന്നൂറ് ഗ്രാം മഞ്ഞൾപ്പൊടി, അരക്കിലോ പരിപ്പ്, എന്നിവയാണ് കിറ്റിൽ ഉള്ളത്. 1380 അന്യസംസ്ഥാഥാന തൊഴിലാളികളാണ് പഞ്ചായത്തിൻ്റെ പരിധിയിലുള്ളത്.ഒരാഴ്ചത്തേക്ക് കണക്കാക്കി 450 കിറ്റുകളാണ് നൽകിയത്.കിറ്റുകളുടെ വിതരണോദ്ഘാടനം പ്രസിഡൻ്റ് പി.കെ.മൊയ്തു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് നിസമോൾ സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആമിന ഹസൻകുഞ്ഞു, ടി.എം.അമീൻ ,ഷാജി മോൾ, പാത്തുമ്മ സലാം, നിസാമോൾ ഇസ്മായിൽ, ഷെമീന അലിയാർ, എ.പി.മുഹമ്മദ്, എ.എ.രമണൻ ,തുടങ്ങിയവർ പങ്കെടുത്തു.