ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് മരുന്ന് വാങ്ങാനാകാതെ വിഷമിക്കുന്ന നിർദ്ധന രോഗികൾക്ക് സൗജന്യമായി മരുന്നുകൾ വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയുമായി അൻവർ സാദത്ത് എം.എൽ.എ. കൊവിഡ് -19നെ നേരിടാൻ 'ഒറ്റക്കല്ല ഒപ്പമുണ്ട് ഞാനും' പദ്ധതിയുടെ ഭാഗമായാണ് ആലുവ മണ്ഡലത്തിൽപ്പെട്ടവർക്ക് മരുന്ന് വീടുകളിൽ എത്തിച്ച് നൽകുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആലുവ നിയോജക മണ്ഡലത്തിൽപ്പെട്ട ആലുവ നഗരസഭ, എടത്തല, കീഴ്മാട്, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലായി പദ്ധതിയാരംഭിച്ചത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട രോഗികൾക്കാവശ്യമായ അലോപ്പതി മരുന്നുകളാണ് നൽകുന്നത്. ജീവകാരുണ്യ പ്രവർത്തകരുടെയും ഉദാരമതികളുടെയും സ്‌പോൺസർഷിപ്പിൽ നടപ്പാക്കുന്ന പദ്ധതിയിൽ 24 സന്നദ്ധ സേവകരും ഫാർമസിസ്റ്റ് ബിരുദം പൂർത്തിയാക്കിയവരും നിലവിൽ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരുന്നവരുമായ 17 പേരുമാണ് പ്രവർത്തിക്കുന്നത്.
മരുന്നുകൾ ലഭ്യമാകുന്നതിന് നിയോജക മണ്ഡലത്തിലെ 21 മെഡിക്കൽ ഷോപ്പുകളുമായി ഇതിനകം ധാരണയിലായതായി എം.എൽ.എ പറഞ്ഞു. ഫാർമസിസ്റ്റ് ഫോൺ : 9995059024.