കൊച്ചി: കൊച്ചിയിൽ നിന്ന് വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഗാന്ധിനഗർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഒറ്റ ലക്ഷ്യം മാത്രം. നിലമ്പൂരിലെ രോഗികൾക്ക് എത്രയും പെട്ടന്ന് മരുന്ന് എത്തിക്കണം. നാലു മണിക്കൂർ നിറുത്താതെ ജീപ്പു പായിച്ച് മരുന്നുകൾ കൈമാറിയ ശേഷമാണ് വെള്ളം കുടിക്കാൻ പോലും സമയം കണ്ടെത്തിയത്.
ലോക്ക്ഡൗൺ മൂലം ആവശ്യമരുന്നു കിട്ടാതെ വലഞ്ഞത് നിലമ്പൂർ ചുങ്കത്തറയിലെ വൃദ്ധ ദമ്പതികളാണ്. മരുന്ന് എറണാകുളത്ത് കിട്ടും. നേരെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ 101 ൽ വിളിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ മരുന്ന് ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ എത്തി. ഫയർ ആൻഡ് റെസ്‌ക്യൂ ഡ്രൈവർ ബിജോയ് കെ. പീറ്റർ, ബി.എസ്. ശ്യാംകുമാർ, എ.പി. ഷിഫിൻ എന്നിവർ ജീപ്പുമായി പുറപ്പെട്ടു.
ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ. ഉണ്ണികൃഷ്ണൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസർക്ക് വാട്‌സാപ്പ് വഴി മരുന്ന് എത്തിക്കേണ്ടവരുടെ മേൽവിലാസം അയച്ചിരുന്നു. നിലമ്പൂർ സ്റ്റേഷനിലെ ജീവനക്കാർ ദമ്പതികളുടെ വീട് കണ്ടെത്തി. ഉച്ചഭക്ഷണത്തിന് പോലും ഒരിടത്തും നിറുത്താതെ മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലമ്പൂരിലെത്തി. നിലമ്പൂർ സ്റ്റേഷൻ ഓഫീസർ സംഘം മരുന്നുമായെത്തിയവർക്ക് വഴികാട്ടി. നാലോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലെത്തി രോഗികൾക്ക് മരുന്ന് കൈമാറി.
ചുങ്കത്തറ രാമച്ചംപാടത്തെ വിലങ്ങാട്ട് സേവ്യർ, ഭാര്യ ഏലിയാമ്മ സേവ്യർ, കുറ്റിമുണ്ട മരിയസദനത്തിൽ കോട്ടപ്പറമ്പിൽ ജേക്കബ് എന്നിവർക്കാണ് മരുന്നെത്തിച്ചു നൽകിയത്. നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, ഓഫീസർമാരായ എ.എസ്. പ്രദീപ്, കെ. മനേഷ്, എം.കെ. സത്യപാലൻ എന്നിവർ മരുന്ന് ദൂതർക്ക് വഴികാട്ടിയായി.
കൊവിഡ് 19 കാലത്തെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ വേറിട്ട സേവനപ്രവർത്തനമായി ഇത്. മരുന്നുകൾക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവർക്ക് 101 ൽ വിളിച്ചാൽ സേവനം ലഭിക്കും.