അങ്കമാലി: കോടുശേരി - ഐക്യാട്ടുകടവ് പാടശേഖരത്തിൽ 5 ദിവസം മുൻപ് പടർന്നുപിടിച്ച തീ കൂടുതൽ രൂക്ഷമായി പുളിയനം കങ്കാളിഭാഗത്തേക്ക് പടർന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടും പടർന്നുപിടിച്ച തീ ഇന്നലെ പുലർച്ച വരെ കത്തിക്കൊണ്ടിരുന്നു. കാറ്റിന്റെ ശക്തിയിൽ ഇടയ്ക്കിടെ പാടം അഗ്നിഗോളമായി മാറി. പുലർച്ചെ 3 മണിയോടെ ജനവാസ മേഖലയിലേക്ക് തീ എത്തി. അഗ്നിസുരക്ഷാസേന എത്തിയെങ്കിലും വാഹനം കടന്നുപോകാൻ വഴിയില്ലാതെ ഒരു കിലോമീറ്റർ ദൂരത്തിൽ നിറുത്തിയിടാനേ കഴിഞ്ഞുള്ളു.
അമ്പത് ഏക്കറോളം പാടശേഖരം കത്തിയമർന്നു. കാറ്റ് വീശിയതിനെത്തുടർന്ന് പുക രണ്ട് കിലോമീറ്റർ ഏരിയയിൽ വ്യാപിച്ചു. പലർക്കും ശ്വാസതടസം അനുഭവപ്പെട്ടു. പാടത്തിറങ്ങി തീയണക്കുക ദുഷ്കരമായിരുന്നു. പാടത്ത് മൂന്നടിയോളം ഉയരത്തിൽ പുല്ല് പിടിച്ച് കിടക്കുകയായിരുന്നു. ഒടുവിൽ കത്തിത്തീരുന്നതുവരെ നാട്ടുകാർ കാവലിരിക്കുകയായിരുന്നു. തീ തൊട്ടടുത്ത പറമ്പുകളിലെക്ക് കയറാതിരിക്കാൻ പുലർച്ചെ രണ്ടു മണിമുതൽ 4.30വരെ പ്രദേശവാസികളായ എഴുപതോളം പേർ ബക്കറ്റിൽ വെള്ളമൊഴിച്ചും ചെറിയ മരച്ചില്ല കൊണ്ട് തല്ലിക്കെടുത്തിയുമാണ് ജനവാസകേന്ദ്രത്തിലേക്ക് തീപടരാതെ തടഞ്ഞത്.
പാറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എസ്. നാരായണൻ, സെബാസ്റ്റ്യൻ വാഴക്കാല, സന്ധ്യ സുകുമാരൻ, അങ്കമാലി മുനിസിപ്പൽ കൗൺസിലർ ഷോബി ജോർജ്, കളങ്ങര ഉണ്ണിക്കൃഷ്ണൻ തുടങ്ങിവർ സംഭവസ്ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകി.