കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏറ്റെടുത്ത കലൂരിലെ പി.വി.എസ് ആശുപത്രി പ്രവർത്തന സജ്ജമായി. പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും രോഗികളുടെ എണ്ണം വർദ്ധിച്ചാലേ പി.വി.എസിലേയ്ക്ക് രോഗികളെ പ്രവേശിപ്പിക്കൂ.

കൊവിഡ് സെന്ററായ എറണാകുളം മെഡിക്കൽ കോളേജിൽ നിലവിലെ സാഹചര്യത്തിൽ മതിയായ സംവിധാനങ്ങളുണ്ട്. 500 കിടക്കകളാണ് ഇവിടെ.

സമൂഹവ്യാപനം സംഭവിച്ചാൽ മതിയായ ചികിത്സ ഒരുക്കാനാണ് പൂട്ടിക്കിടന്ന പി.വി.എസ് ആശുപത്രിയെ ഏറ്റെടുത്ത് കോവിഡ് തീവ്രപരിചരണ ആശുപത്രിയാക്കിയത്.

കൊവിഡ് ഇൻസിഡന്റ് കമാൻഡന്റ് സ്‌നേഹിൽകുമാർ സിംഗിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.
15 വെന്റിലേറ്ററുകൾ, 70 ഐ.സി.യു ബെഡുകൾ, 70 സാധാരണ ബെഡുകൾ എന്നിവയാണ് ക്രമീകരിച്ചത്. തീവ്രപരിചരണ സംവിധാനങ്ങൾ കുറവുള്ള ഇടുക്കി, ആലപ്പുഴ ജില്ലകൾക്കും ഇവിടം ഉപയോഗിക്കാം.
റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് തുടങ്ങിയവരുടെ പ്രവർത്തനങ്ങളാണ് ആശുപത്രിയെ വളരെ വേഗത്തിൽ പൂർണസജ്ജമാക്കാൻ സഹായിച്ചത്. സന്നദ്ധ പ്രവർത്തകരും പങ്കാളികളായി.
കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ്, തഹസിൽദാർ മുഹമ്മദ് സാബിർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ജീവനക്കാർ സൗകര്യങ്ങളൊരുക്കി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി എന്നിവരാണ് ചികിത്സാ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഡോ. ഹനീഷ്, ഡോ. ഗണേശ് മോഹൻ, ഡോ. രാകേഷ് തുടങ്ങിയവരും ഇവർക്കൊപ്പമുണ്ട്.
മാസങ്ങളായി അടച്ചിട്ടിരുന്ന ആശുപത്രിയിലെ ഉപകരണങ്ങൾ നവീകരിക്കുകയും കെട്ടിടങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കുകയും ചെയ്തു.