കൊച്ചി: നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച നാല് സമൂഹ അടുക്കളകൾ തുടർന്നു പ്രവർത്തിക്കാനും കൂടുതലായി തുടങ്ങുന്ന കുടുംബശ്രീ അടുക്കളകൾക്ക് ധനസഹായം നൽകാനും സർവ കക്ഷി യോഗത്തിൽ തീരുമാനിച്ചു. കോർപ്പറേഷന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയിൽ നിന്ന് സെക്രട്ടറിയെ ഒഴിവാക്കാനും അഡീഷണൽ സെക്രട്ടറിയെ ഏല്പിക്കാനും യോഗം തീരുമാനിച്ചു.
സർക്കാർ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ 27 നാണ് കോർപ്പറേഷൻ അഞ്ച് സമൂഹ അടുക്കളകൾ തുറന്നത്. മൂന്നു ദിവസത്തിന് ശേഷം ടൗൺ ഹാളിലെ അടുക്കള പൂട്ടി. കുടുംബശ്രീയുടെ മൂന്ന് അടുക്കളകൾ നോർത്തിൽ തുടങ്ങിയെന്ന ന്യായം പറഞ്ഞാണ് ഇതടച്ചത്. ഇന്നലെ മട്ടാഞ്ചേരിയിലെ അടുക്കളയും പ്രവർത്തനം അവസാനിപ്പിച്ചു . കുടുംബശ്രീ ആരംഭിച്ച സമൂഹ അടുക്കളകൾക്ക് കോർപ്പറേഷൻ യാതൊരു പിന്തുതുണയും നൽകിയില്ല. കോർപ്പറേഷൻ സെക്രട്ടറി കൊവിഡ് പ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. കളക്ടറും മന്ത്രിയും പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടിരുന്നു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പും നൽകി. ഇതേതുടർന്നാണ് ഇന്നലെ സ്റ്റിയറിംഗ് കമ്മിറ്റിയും സർവകക്ഷി യോഗവും ചേർന്നത്.
# തീരുമാനങ്ങൾ
വൈറ്റില, ഇടപ്പള്ളി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി സമൂഹ അടുക്കളകൾ തുടർന്നും പ്രവർത്തിക്കും
ഇവിടേയ്ക്ക് തനത് ഫണ്ടിൽ നിന്ന് 50,000 രൂപ വീതം അനുവദിക്കും.
കുടുബശ്രീ അടുക്കളകൾക്ക് 50,000 രൂപ വീതം സഹായം അനുവദിക്കും. തുക പിന്നീട് തിരിച്ചടയ്ക്കണം.
സൗജന്യ ഭക്ഷണം നൽകാൻ കുടുംബശ്രീ അടുക്കളകളെ ആശ്രയിച്ചാൽ ഒരു ഊണിന് 30 രൂപ വച്ച് നൽകും.
നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് രണ്ടാഴ്ചത്തേയ്ക്ക് ഭക്ഷ്യകിറ്റ് നൽകും. ഡി.എം.ഒ നൽകിയ പട്ടികയിലുള്ളവരെ പരിഗണിക്കും
പള്ളുരുത്തിയിലുംകൊവിഡ് മരണമുണ്ടായ ചുള്ളിക്കലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും