കൊച്ചി: കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണെതിരെ വ്യാജപ്രചാരണംസോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിന് നെല്ലിക്കുഴി പൂമറ്റം കവലയിൽ പടിഞ്ഞാറെച്ചാലിൽ വീട്ടിൽ അലിയേയും (38), 'കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് യൂത്ത് കോൺഗ്രസ്സുകാരെ കയറ്റരുത് , ജാഗ്രത പാലിക്കുക' എന്ന് ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ചതിന് ചെറുവട്ടൂർ പുതിയറച്ചാലിൽ അബൂബക്കറേയും (42) കോതമംഗലം പൊലീസ് അറസ്റ്റുചെയ്തു. കൊവിഡ് -19 പകർച്ചവ്യാധി സമൂഹവ്യാപനം വഴി തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിൽ പഞ്ചായത്തിനെയും പ്രസിഡന്റിനെയും ഭരണ സമിതിയെയും അപകീർത്തിപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് അലിയെ അറസ്റ്റുചെയ്തത്. സി.ഐ ടി.എ. യൂനസ് , എസ്.ഐ ടി. ദിലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.