കൊച്ചി: ലോക്ക് ഡൗൺ കാലത്ത് കൊച്ചി നഗരസഭാ പരിധിയിൽ കടത്തിണ്ണയിലായാലും ഫ്ലാറ്റുകളിലായാലും ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന ചിന്തയുമായി സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ഭക്ഷണം വിതരണം ചെയ്യുന്നു. 250 ൽ തുടങ്ങി 1200 പേർക്ക് വരെയെത്തിയ സേവനം ഇനിയും തുരും.
'കൊവിഡ് - 19 കൂട്ടായ്‌മ കിച്ചൻ ' എന്ന പേരിൽ നിർമ്മാതാക്കളായ ആന്റോ ജോസഫ്, മഹാ സുബൈർ, ആഷിഖ് ഉസ്മാൻ, മനു , നടൻ ജോജു ജോർജ് , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരാണ് കൂട്ടായ്‌മയുടെ പിന്നിൽ. ആവശ്യക്കാർക്ക് കൊച്ചി കോർപ്പറേഷൻ പരിധിയിൽ എവിടെയായാലും ഭക്ഷണം എത്തിക്കുകയാണ് രീതി.
ഉച്ചയ്ക്കും രാത്രിയിലും വിതരണം ഉണ്ടാകും. മാർച്ച് 27 നാണ് തുടക്കം. ആദ്യദിനം 250, രണ്ടാം ദിനം 350,
മൂന്നാംദിനം 400 പേർക്കുവീതം ഭക്ഷണം വിതരണം ചെയ്തു. വ്യാഴാഴ്ച 1200 പേർക്കാണ് ഭക്ഷണം നൽകിയത്.
നിർമ്മാതാവ് മഹാ സുബൈറിന്റെ തറവാട് വീട്ടിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പിന്തുണയുമായി ടി.ജെ. വിനോദ് എം.എൽ.എയും നഗരസഭാ കൗൺസിലർ പി.എം. ഹാരീസും ഉൾപ്പെടെ ഒപ്പമുണ്ട്. മേയർ സൗമിനി ജെയിനും ഇവിടെ എത്തിയിരുന്നു.
നഗരത്തിലെ അതിഥി തൊഴിലാളികൾക്കും മറ്റു നിരവധി ആളുകൾക്കും ഭക്ഷണം എത്തിക്കാൻ സാധിച്ചതായി ബാദുഷ പറഞ്ഞു. സിനിമാ നിർമാതാക്കൾ, സംവിധായകർ, താരങ്ങൾ, പിന്നണി പ്രവർത്തകർ തുടങ്ങിയവരുടെ പിന്തുണ ലഭിക്കുന്നുണ്ട്. വീനസ് ലൈൻ റെസിഡന്റ്സ് അസോസിയേഷനും സേവനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.