നെടുമ്പാശേരി: രാജ്യത്ത് കൊവിഡ് -19 നെ പ്രതിരോധിക്കുന്നതിനായി സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമം നിലനിൽക്കേ 90 ടൺ മെഡിക്കൽ ഉപകരണങ്ങളും സുരക്ഷാകവചങ്ങളും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനം സെർബിയയിലെക്ക് കയറ്റിഅയച്ചത് വിവാദമായി.
കഴിഞ്ഞ 30 നാണ് സർജിക്കൽ ഉപകരണങ്ങൾ ട്രാൻസെവിയ എയർലൈൻസിന്റെ ബോയിംഗ് 747 കാർഗോ വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സെർബിയയിലേക്ക് കയറ്റിയയച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബേഴ്‌സ് എന്ന സ്ഥാപനത്തിനാണ് ഇതിനായുള്ള ഓർഡർ ലഭിച്ചിരുന്നത്. യു.എൻ.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗം ഇക്കാര്യം വളരെ പ്രാധാന്യത്തോടെ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രാജ്യത്ത് അത്യാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കയറ്റിഅയച്ചതെന്ന വിവരം പുറത്ത് വരികയായിരുന്നു.
ലോക്ക് ഡൌണിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്ന കൊച്ചിയിൽ നിന്ന് പ്രത്യേക അനുമതിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൊച്ചി കസ്റ്റംസ് വിഭാഗം ക്ലിയറൻസ് നൽകാൻ വിസമ്മതിച്ചെങ്കിലും ഡൽഹിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് കാർഗോവിമാനം പുറപ്പെട്ടതെന്നാണ് കസ്റ്റംസ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. അതീവ ഗുരുതര സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത് എങ്ങിനെയാണെന്നതാണ് ദുരൂഹതയുയർത്തുന്നത്.
രാജ്യത്ത് പലയിടത്തും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ പി.പി.ഇ കിറ്റും എൻ 95 മാസ്‌കും സർജിക്കൽ കൈയുറകളും ഇല്ലാതെ സ്വന്തം ജീവൻ പോലും പണയം വച്ചാണ് രോഗികളെ പരിചരിക്കുന്നത്.