കൊച്ചി: അവരുടെ ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാകും. കേരളത്തിൽ കുടുങ്ങിയ 53 ഒമാൻ സ്വദേശികൾ ഇന്ന് നെടുമ്പാശേരിയിൽ നിന്നും മസ്‌കറ്റിലേക്ക് പറക്കും. മസ്‌കറ്റിൽ നിന്നുള്ള പ്രത്യേക വിമാനം, 2.30ഓടെ കൊച്ചിയിൽ എത്തും. പ്രത്യേക പരിശോധനകൾ നടത്തി 53 പേരുമായി മടങ്ങുന്ന വിമാനം, പിന്നീട് ബംഗളൂരു, ചെന്നൈ എന്നിവടങ്ങളിൽ ഇറങ്ങും.
ഇവിടെ കുടുങ്ങിയവരെ കയറ്റിയ ശേഷം വൈകിട്ടോടെ മസ്‌കറ്റിലേക്ക് പുറപ്പെടും. അതേസമയം, രാജ്യത്ത് കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. നാളെ രാവിലെ ബംഗളൂരുവിൽ നിന്നും വിമാനം നെടുമ്പാശേരിയിലെത്തും. എട്ട് മണിയോടെ യാത്രക്കാരുമായി മുംബയിലേക്കും അവിടെ നിന്നും പാരീസിലേക്കും പറക്കും.