സോൾ : കളിക്കളത്തെയും പിടിച്ച് കുലുക്കുകയാണ് കൊവിഡ് 19. ഒളിമ്പിക്‌സ് വരെ മാറ്റിവച്ചു. പേരു കേട്ട പല ഫുട്‌ബോൾ ലീഗുകളും നീട്ടി വച്ചിരിക്കുകയാണ്. ഈ സമയം, പല സൂപ്പർ താരങ്ങളും വീടുകളിൽ പുറത്തിറങ്ങാതെ കുടുംബത്തോടൊപ്പം കഴിയുകയാണ്. എന്നാൽ, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം സൂപ്പർ താരം സൺ ഹ്യൂങ് മിൻ കൊവിഡ് കാലത്ത് ഏറ്റെടുക്കാൻ ഒരുങ്ങുന്ന പുതിയ ദൗത്യം കായിക ലോകത്ത് വലിയ ചർച്ചയ്ക്ക് തന്നെ വഴിവച്ചിരിക്കുകയാണ്.
അവധിക്ക് നാട്ടിലെത്തിയ ദക്ഷിണ കൊറിയൻ ഫുട്‌ബോളർ സൈനിക പരിശീലനം നടത്താൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് നാട്ടിലേക്കു മടങ്ങിയത്.പൂർണാരോഗ്യവാന്മാരായ ദക്ഷിണ കൊറിയക്കാർക്ക് രണ്ട് വർഷ സൈനിക സേവനം നിർബന്ധമാണ്. എന്നാൽ, 2018ലെ ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയൻ ഫുട്‌ബോൾ ടീം സ്വർണം നേടിയതിനു പകരമായി ടീമംഗങ്ങളെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂർ സാമൂഹിക സേവനവും നിർബന്ധമാക്കിയിരുന്നു. ഇതിനായാണ് താരത്തിന്റെ തയ്യാറെടുപ്പ്.