കൊച്ചി: എറണാകുളം ജില്ലയിൽ ഏറ്റവുമൊടുവിൽ നീരീക്ഷണത്തിലാക്കിയവർ ഉൾപ്പെടെ 37 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ആരോഗ്യ വിഭാഗം. 99 സാമ്പിളുകളുടെ ഫലമാണ് ഇനി കിട്ടാനുള്ളത്. ഇന്നലെ രണ്ടു ഫലങ്ങളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞദിവസം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്ക പട്ടികയിലെ 41 പേരെ നിരീക്ഷണത്തിലാക്കി. എല്ലാവരെയും ജില്ലാ സർവെയ്‌ലൻസ് യൂണിറ്റ് ഫോണിൽ ബന്ധപ്പെട്ടാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.
ബുധനാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടുപേരും നേരത്തെതന്നെ വീടുകളിൽ കർശന നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രണ്ടുപേരെക്കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതിൽ 21 പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലും അഞ്ചുപേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ടുപേർ ആലുവ ജില്ലാ ആശുപത്രിയിലും ആറുപേർ സ്വകാര്യ ആശുപത്രിയിലും ഒരാൾ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. കൊവിഡ് സ്ഥിരീകരിച്ച് ഇപ്പോൾ ജില്ലയിൽ ചികിത്സയിലുള്ളത് 17 പേരാണ്. ഇതിൽ നാലുപേർ ബ്രിട്ടീഷ് പൗരൻമാരും 10 പേർ എറണാകുളം സ്വദേശികളും രണ്ടുപേർ കണ്ണൂർ സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ജില്ലയിൽ പുതിയതായി 287 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 1,034 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 3,843 പേരാണ്. ജില്ലയിൽ 3,878 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. പുതിയ കൊവിഡ് കേസുകളൊന്നും വ്യാഴാഴ്‌ച റിപ്പോർട്ട് ചെയ്‌തില്ല.