ലണ്ടൻ : മാർച്ച് 29, ഇന്ത്യയിൽ കുട്ടിക്രിക്കറ്റ് വിപ്ലവത്തിന്റെ 13ാം സീസണിന് തുടക്കം കുറിക്കേണ്ടിയിരുന്ന ദിവസം. എന്നാൽ, ക്രിക്കറ്റ് പ്രേമികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊവിഡ് 19. ഐ.പി.എൽ മാറ്റിവയ്‌ക്കേണ്ടി വന്നു. ഇനി മത്സരം എന്ന് തുടങ്ങാൻ സാധിക്കുമെന്ന ആശങ്കയിലാണ് ഐ.പി.എൽ ഒഫീഷ്യൽസ്. എന്നാൽ, ഇതിന് ഒരു മാർഗം നിർദ്ദേശിക്കുകയാണ് ഇംഗ്ലീഷ് മുൻ നായകൻ മൈക്കിൾ വോൺ.
ഐ.പി.എൽ ഈ വർഷം സെപ്തംബറിൽ നടത്താമെന്നാണ് താരം പറയുന്നത്. നീണ്ടു നിൽക്കുന്ന ഫോർമാറ്റ് വേണ്ട. പകരം അഞ്ചാഴ്ച കൊണ്ട് മത്സരം പൂർത്തിയാക്കുന്ന രീതി ആലോചിക്കാം. ഇതിന് കാരണമായി വോൾ പറയുന്നത് ഇതാണ്, ഒക്ടോബറിൽ ട്വന്റി 20 ലോകകപ്പ് വരാനിരിക്കുകയാണ്. ഇതിന് മുന്നേ ഐ.പി.എൽ നടത്തിയാൽ താരങ്ങൾക്കെല്ലാം നല്ലൊരു തയ്യാറെടുപ്പാകും. ട്വിറ്ററിലൂടെയാണ് ഇംഗ്ലീഷ് നായകൻ ഇക്കാര്യം കുറിച്ചത്.
അതേസമയം, സെപ്തംബർ ഇന്ത്യയിൽ കാലവർഷം തുടരുന്ന മാസമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. ഈ സമയം എങ്ങനെ ഐ.പി.എൽ സംഘടിപ്പിക്കാനാവും എന്നാണ് ബി.സി.സി.ഐയടക്കം ആലോചിക്കുന്നത്.