arest

കൊച്ചി :ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ സംഭവത്തിൽ എറണാകുളത്ത് വികാരിയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. പുത്തൻകുരിശ് കാക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പൽ വികാരി ഫാദർ ഗീവർഗീസ് ചെങ്ങാട്ടുകുഴി, ചടങ്ങിൽ പങ്കെടുത്ത സിറിൽ എൽദോ പാണ്ടൻഞ്ചേരിൽ, എൽദോ സാജു താഴേടത്ത്, പത്രോസ് പുരവത്ത്, എൽദോ പീറ്റർ മടത്തികടയിൽ എന്നിവരാണ് അറസ്റ്റിലായത്.

കാക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലാണ് നിർദ്ദേശങ്ങൾ ലംഘിച്ച് മതപരാമായ ചടങ്ങ് നടത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് പേർക്കെതിരെ പൊലീസ് കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.

ഇന്നലെ എറണാകുളം റൂറലിൽ രണ്ടുപേരെ കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കാലടി സ്വദേശി സോജൻ, പെരുമ്പാവൂർ സ്വദേശി മാഹിൻ എന്നിവർക്കെതിരെയാണ് കേസെടുത്ത്. കൊവിഡ് 19 പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഓർഡിനൻസ് കേരള സർക്കാർ പുറപ്പെടുവിച്ചത്. കേസ് തെളിഞ്ഞാൽ കുറ്റക്കാർക്ക് രണ്ടു വർഷം വരെ തടവുശിക്ഷ നൽകാൻ ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്.