covid-

ചെന്നൈ: തമിഴ്നാട്ടിൽ തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് പോസിറ്റീവ് എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. വ്യാഴാഴ്ച 74 എണ്ണം കൂടി റിപ്പോർട്ട് ചെയ്തതോടെ സമുദായ നേതാക്കളുടെ സഹകരണം തേടാൻ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ഷൺമുഖം ഇന്ന് ചെന്നൈയിൽ മുസ്ലീം മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകളിൽ രണ്ടാമത് നിൽക്കുന്നത് തമിഴ്‌നാടാണ്. ആകെ റിപ്പോർട്ട് ചെയ്ത 309 ൽ 264 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മാർച്ച് 21 മുതൽ 23 വരെ നടന്ന തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1,500 പേരിൽ രണ്ടുപേർ ഡൽഹിയിൽ മരിച്ചു. ഡൽഹി നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1,103 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതിൽ 264 പേരുടേത് പോസിറ്റീവ് ആണ്. മറ്റുള്ളവരുടെ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്. പുതുതായി തിരുപ്പട്ടൂർ ജില്ലയിൽ റാണിപേട്ടിൽ ഏഴ് പേർ കൂടി വ്യാഴാഴ്ച പോസിറ്റീവായി. വ്യാഴാഴ്ച പോസിറ്റീവായ 74 തബ്‌‌ ലീഗ് പ്രതിനിധികളിൽ 20 പേർ ചെന്നൈ സ്വദേശികളാണ്. നഗരത്തിൽ നിന്ന് 70 പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

തമിഴ്‌നാട് മുഴുവൻ കൊറോണ സാധ്യത മേഖല

തമിഴ്നാട് മുഴുവൻ കൊറോണ സാധ്യത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 309 ആയ സാഹചര്യത്തിലാന്ന് സർക്കാർ നടപടി. കൊവിഡ് രോ​ഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം അടിയന്തരമായി സർക്കാരിന് നൽകണമെന്ന് ആശുപത്രികൾക്ക് സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്.

നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരുമായി സമ്പർക്കം പുലർത്തിയവർ തമിഴ്നാട്ടിൽ 2500ന് മുകളിൽ വരുമെന്നാണ് സർക്കാർ കണക്ക്. ജില്ലാ പൊലീസ് മേധവിമാരുടെ നേതൃത്വത്തിൽ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിസാമുദ്ദീനിൽ നിന്നെത്തിയ 264 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ ഫിനിക്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവീഡ് സ്ഥിരീകരച്ചതോടെ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം നാലായി.