കൊച്ചി: ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു. പാക്കേജിന് കേന്ദ്ര സഹായവും ഉറപ്പാക്കണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു.

കൊവിഡ്-19 വ്യാപനത്തിന്റെയും ആരോഗ്യ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ മാർച്ച് 23 മുതൽ മത്സ്യബന്ധനത്തിന് പോകേണ്ടെന്ന് തൊഴിലാളി സംഘടനകൾ തീരുമാനിച്ചിരുന്നു. നിയന്ത്രിത അളവിൽ ചെറുവഞ്ചികൾ മാത്രമാണ് മത്സ്യബന്ധനം നടത്തുന്നത്. പാക്കേജെന്ന നിലയിൽ ഓരോ തൊഴിലാളിക്കും പ്രതിമാസം 5000 രൂപ വീതം അനുവദിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ബഡ്‌ജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്താതിരുന്നത് ഖേദകരമാണ്. തൊഴിലാളികൾക്ക് താങ്ങും തണലുമാകേണ്ട ക്ഷേമബോർഡ് സാമ്പത്തികഞെരുക്കം മൂലം പരിതാപകരമായ അവസ്ഥയിലാണ്. മത്സ്യഫെഡ് പ്രഖ്യാപിച്ച 18 കോടി രൂപയുടെ പലിശരഹിതവായ്പ അപര്യാപ്തവുമാണ്. ആവശ്യമായ വിഹിതം നേടിയെടുക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് നിവേദനത്തിൽ ആവശ്യപ്പെട്ടു.