കോലഞ്ചേരി: കൊവിഡ്-19 നാടിനെയാകെ പ്രതിസന്ധിയിലാക്കിയപ്പോൾ കൃഷിയിടത്തെ ഓർത്ത് കണ്ണീരണിയുകയാണ് കർഷകർ. കടുത്ത ചൂടും തുടങ്ങിയതോടെ കാർഷികമേഖല കൂടുതൽ ദുരിതത്തിലായി.ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാനും പറ്റാതായതോടെ മാസങ്ങളായി പരിപാലിച്ചിരുന്ന കൃഷികളും നശിക്കുകയാണ്. മിക്കവരും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. വീടിനടുത്തല്ലാത്ത അത്തരം സ്ഥലങ്ങളിലേയ്ക്ക് എത്തിപ്പെടാൻ മാർഗമില്ലാതെ വന്നതോടെ വൻ നഷ്ടത്തിൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗമില്ലാതായി.

വളങ്ങളും കീടനാശിനികളും ലഭിക്കാത്തതും വൻ പ്രതിസന്ധിയാണ് കർഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. യഥാസമയം വളപ്രയോഗം നടത്താൻ കഴിയാത്തതിനാൽ പച്ചക്കറികൾക്ക് രോഗകീട ബാധകൾ കൂടുന്നു. ചിലർക്ക് മുമ്പ് വാങ്ങി സൂക്ഷിച്ചിരുന്ന വളങ്ങളും മ​റ്റും കൃഷിയിടത്തിൽ ഉപയോഗിക്കാൻ തൊഴിലാളി ക്ഷാമവും ബുദ്ധിമുട്ടാവുകയാണ്. വിളവെടുത്തു സൂക്ഷിച്ചിരിക്കുന്ന ചേന, ചേമ്പ് പോലുള്ള ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കാത്തതിനാൽ കേടാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.മെച്ചപ്പെട്ട വില ലഭിക്കാനായി ഉൽപന്നങ്ങൾ സൂക്ഷിച്ചു വച്ചിരുന്നവരും ബുദ്ധിമുട്ടിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിട്ടും കൈവശമുള്ള ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്തവരും ഏറെയാണ്. ഇതോടെ കൊവിഡ് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

#ചൂടിൽ കരിഞ്ഞുണങ്ങി

വേനൽമഴ പെയ്യാത്തതും പ്രശ്നമായി.ഏപ്രിലിൻ്റെ തുടക്കത്തിൽ തരക്കേടില്ലാതെ വേനൽമഴ കിട്ടേണ്ടതാണ്. എന്നാൽ ചിലയിടങ്ങളിൽ ഒ​റ്റപ്പെട്ട മഴ മാത്രമാണ് ലഭിച്ചത്. അസഹ്യമായ ചൂടേ​റ്റ് പച്ചക്കറികൾ നാശത്തിൻ്റെ വക്കോളമെത്തി. വേനൽ കനത്തതോടെ നനയ്ക്കാതെ നിവൃത്തിയില്ല. നനയ്ക്കാനായി പണിക്കാരെ കൂട്ടാനും കഴിയില്ല പറ്റുന്ന പോലെയൊക്കെ സ്വന്തമായി നനയ്ക്കുന്നുണ്ട്. ഈ വിളവ് വൻ നഷ്ടത്തിലാകുമെന്ന് വണ്ടി പേട്ടയിലെ കർഷകനായ ജോഷി പറഞ്ഞു.

#വിളവെത്തു; വിൽക്കാൻ വഴിയില്ല

പല കൃഷികളുടെയും വിളവെടുപ്പുപോലും യഥാസമയം നടത്താൻ കഴിയാത്ത നിലയാണ്. വിളവെടുത്ത ഉല്പന്നങ്ങൾ വിൽക്കാൻ കഴിയാത്തതാണ് പ്രശ്നം. വണ്ടി പേട്ടയിലെ വിപണിയിൽ കഴിഞ്ഞ ആഴ്ച വില്പനക്കെത്തിച്ച പടവലങ്ങയും, വെള്ളരിയും വാങ്ങാനാളില്ലാതെ ചീഞ്ഞു കൊണ്ടിരിക്കുകയാണ്. ലേലം ചെയ്തു നൽകാൻ നിയന്ത്രണമുള്ളതിനാൽ നിശ്ചിത വില കണക്കാക്കി കച്ചവടക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്.