കോലഞ്ചേരി: വ്യാജ വാർത്ത വിതരണക്കാർ അടങ്ങുന്നില്ല. പൊലീസ് നടപടി കർശനമാക്കി അറസ്റ്റുകൾ തുടരുമ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോഴും വ്യാജ പ്രചാരകർ അടക്കി വാഴുകയാണ്. സ്മാർട്ട് ഫോണുകളുടെ ഉപയോഗം സാധാരണക്കാരനും പ്രാപ്യമായതോടെ വരുന്ന വാർത്തകളിലെ സത്യമേതെന്നറിയാതെ ഇപ്പോഴും ഫോർവേഡിങ്ങിലാണ് പലരും. റൂറൽ ജില്ലയിൽ മാത്രം ഇതോനോടകം നാലു പേരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

#വ്യാജനിൽ ചിലത്

ഏപ്രിൽ അഞ്ചിന് എല്ലാ റേഷൻകടകളിലും കേരള സർക്കാർ, കൊവിഡ് ബോണസ് ആയി ഭക്ഷ്യ സാമഗ്രികൾ സൗജന്യമായി വിതരണം ചെയ്യുന്നു. സാധനങ്ങളുടെ ലിസ്റ്റും തൂക്കവും ഉൾപ്പെടെയാണ് പ്രസിദ്ധീകരണം,

കൊവിഡിന് നാടൻ ചികിത്സ, മന്ത്രവാദം, വാക്‌സിനേഷൻ,ഇന്നു രാത്രി സൈനിക ഹെലികോപ്റ്ററുകൾ കൊവിഡ് വൈറസിനെ കൊല്ലാനായി അന്തരീക്ഷത്തിൽ വിഷം തളിക്കുമെന്നും അതിനാൽ ആരും പുറത്തിറങ്ങരുത് ,ചെറുനാരങ്ങ ചെറു ചൂടു വെള്ളത്തിൽ പിഴിഞ്ഞ് കഴിച്ചാൽ കൊവിഡിനെ ചെറുക്കാം,

സാനി​റ്റൈസർ ഉപയോഗിച്ച ശേഷം അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ കൈയ്യിൽ തീപിടിച്ചു പൊള്ളിയ കൊല്ലം സ്വദേശിനി എന്ന പേരിൽ രണ്ടു കൈകളുടെ ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊവിഡ് വൈറസുകൾ വായുവിലൂടെ പകരുമെന്ന തരത്തിൽ അടിസ്ഥാനമില്ലാത്ത വ്യാജ സന്ദേശങ്ങൾ ഏറെ പ്രചരിക്കുന്നുണ്ട്.

#വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സൈബർ വിഭാഗം

വ്യാജ പ്രചാരണത്തെ ചെറുക്കാൻ സൈബർ വിഭാഗത്തിന് ചുമതല നൽകിയിട്ടുണ്ട്. പോസ്​റ്റിടുന്നവരും പ്രചരിപ്പിക്കുന്നവരും പ്രതിയാകും.വ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ആൻഡി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങി.ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽനിന്ന് നിയോഗിക്കപ്പെടുന്ന അംഗങ്ങളെ കൂടാതെ ആരോഗ്യം, പൊലീസ്, ഐ.ടി വകുപ്പുകളിലെ പ്രതിനിധികളും അംഗങ്ങളാണ്. വാട്ട്‌സാപ്പ്, ഫേസ്ബുക്ക് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും.

#രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയൊടുക്കേണ്ടതുമായ കേസ്

#റൂറൽ ജില്ലയിൽ വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ 9497976005 എന്ന നമ്പരിൽ അറിയിക്കാം.അറിയിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കും.