ചെന്നൈ: കേരളം കൊവിഡ് 19നെതിരെ പട പൊരുതുന്ന അതേ മോഡലിൽ പ്രവർത്തനങ്ങൾ സജ്ജമാക്കി തമിഴ്നാട് സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പുറമേ 12 മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ടീമുകൾ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ലോക്ക് ഡൗൺ കാലയളവിൽ ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും സർക്കാർ പ്രചാരണ പരിപാടി ആരംഭിച്ചു. 2.10 ലക്ഷത്തോളം അന്തർദ്ദേശീയ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി.
അവരിൽ 77,330 പേർ 28 ദിവസത്തേക്ക് വീടുകളിൽ നിരീക്ഷണത്തിലാക്കി. കൂടാതെ വൃദ്ധർ, ഗർഭിണികൾ, ശിശുക്കൾ, എച്ച്.ഐ.വി ബാധിതർ, ഡയാലിസിസ് ആവശ്യമുള്ള രോഗികൾ എന്നിവരുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഓരോ ജില്ലയ്ക്കും വിശദമായ മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി മൊബൈൽ ഹെൽത്ത് ടീമുകൾ രൂപീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അണുവിമുക്തമാക്കുന്നതിനും നടപടികൾ ആരംഭിച്ചു. കൂടാതെ, സർക്കാർ, സ്വകാര്യ മേഖലകളിൽ 22,000 ഐസൊലേഷൻ വാർഡുകളും 5,934 ഐ.സിയുകളും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഒമാന്തുരാർ മെഡിക്കൽ കോളേജ് ആശുപത്രി, കോയമ്പത്തൂർ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവ പ്രത്യേക കൊവിഡ് 19 ആശുപത്രികളായി പ്രഖ്യാപിച്ചു. ഇതിനുപുറമെ, ഓരോ ജില്ലയിലും ഒരു ആശുപത്രി കണ്ടെത്തി കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ഓരോ വ്യക്തിക്കും അണുബാധയെ ചെറുക്കുന്നതിന് പോഷകവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണവും നൽകിവരികയാണ്. സംസ്ഥാനത്തുടനീളം പരീക്ഷണ സൗകര്യങ്ങൾ വിപുലീകരിച്ചു.