കൊച്ചി: "ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ഞാനും നാലു മക്കളും ഭയന്നാണ് ജീവിക്കുന്നത്. ഏതു നിമിഷവും പൊട്ടിത്തെറിക്കുമെന്ന ഭാവത്തിൽ ക്ഷുഭിതനായ ഭർത്താവ്. വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ആൾ ആകെ ദേഷ്യത്തിലാണ്. എപ്പോഴും ഉപദ്രവിക്കും. ജോലിക്ക് പോയിക്കൊണ്ടിരുന്നപ്പോൾ പകലെങ്കിലും ആശ്വാസമുണ്ടായിരുന്നു"
കൊവിഡ് ഭീതി വിട്ടൊഴിയുംവരെ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യവുമായി വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സഖി കൗൺസലിംഗ് സെന്ററിലേക്ക് ഫോൺ ചെയ്ത 35 കാരിയുടെ വാക്കുകളാണിത്. വീട് നരകമായെന്ന പരാതിയുമായി ഇത്തരത്തിൽ നിരവധി ഫോൺകാളുകളാണ് സഖിയിലേക്ക് ദിവസവും എത്തുന്നത്.
ഇതേ പ്രശ്നങ്ങൾ പറയാൻ കുട്ടികളും വിളിക്കാറുണ്ട്. മദ്യം ലഭിക്കാത്തതോടെ സമനില തെറ്റി ഭാര്യയെ തല്ലുന്ന ഭർത്താക്കന്മാരും ധാരാളമുണ്ടെന്ന് സഖിയിലെ കൗൺസലർമാർ പറയുന്നു. ഇത്തരത്തിൽ വീടിനുള്ളിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പരാതിപ്പെടാവുന്നതാണ്. അതിനുള്ള എല്ലാ സഹായങ്ങളും കൗൺസലിംഗും സഖിയിൽ നിന്ന് ലഭിക്കുമെന്ന് സഖി ചെയർപേഴ്സൺ ബീന സെബാസ്റ്റ്യൻ പറയുന്നു.
ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് ഫോൺ കൗൺസലിംഗിലൂടെ കഴിയുന്നത്ര പിന്തുണ നൽകും.എല്ലാ ജില്ലകളിലും ഈ സൗകര്യമുണ്ട്.
-സഖി ചെയർപേഴ്സൺ, ബീന സെബാസ്റ്റ്യൻ
പ്രൊട്ടക്ഷൻ ഓഫീസറുടെ ഫോൺ
തിരുവനനന്തപുരം: 8281999051
കൊച്ചി: 9961474430
വനിതാ കമ്മിഷനിൽ 26 പരാതികൾ
കഴിഞ്ഞ 24 മുതൽ കഴിഞ്ഞദിവസം വരെ സംസ്ഥാന വനിതാ കമ്മിഷനിൽ 26 പരാതികൾ ഇ മെയിൽ വഴി ലഭിച്ചു. ഇതിൽ ആറെണ്ണം ഗാർഹികപീഡനം സംബന്ധിച്ചാണ്. പോസ്റ്റ് ഓഫീസുകൾ പ്രവർത്തനം തുടങ്ങുന്നതോടെ പരാതികളുടെ എണ്ണം കൂടും. ലോക്ക് ഡൗൺ കാലത്തെ മാനസിക സംഘർഷങ്ങൾ പങ്കുവയ്ക്കുന്നതിന് കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു.