മുംബയ് : ഗൗതം ഗംഭീറിന്റെ പോരാട്ട വീര്യം, യുവിയുടെയും ധോണിയുടെയും ചെറുത്ത് നിൽപ്പ്. ശ്വാസം അടക്കിപ്പിടിച്ച് ഇന്ത്യ. ഒടുവിൽ ഗ്യാലറിയിലേക്ക് പന്ത് പറന്നിറങ്ങിയ സുന്ദര നിമിഷം. 1983ന് ശേഷം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ കൈകളിൽ എത്തി ഒമ്പത് വർഷം പിന്നിട്ടു. കഴിഞ്ഞ ദിവസമായിരുന്നു മാസ്‌മരിക പോരാട്ടത്തിന്റെ ഓർമ്മ കായിക ലോകം ആഘോഷിച്ചത്. എന്നാൽ, ഇതിനെ ചോല്ലിയുള്ള അലയൊലികൾ കെട്ടടങ്ങിയിട്ടില്ല.
ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രീയുടെ ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 'പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ! ജീവിതത്തിലെന്നും നിങ്ങൾക്ക് താലോലിക്കാനുള്ള നിമിഷമാണിത്. 1983ലെ ഞങ്ങളുടെ സംഘത്തെപ്പോലെ തന്നെ'- ഇന്ത്യയെ വിജയത്തിലെത്തിച്ച മഹേന്ദ്രസിംഗ് ധോണിയുടെ സിക്‌സറിന്റെ വിഡിയോ സഹിതം ശാസ്ത്രി കുറിച്ചു. മാത്രമല്ല, ഇതിനൊപ്പം ടാഗ് ചെയ്തത് സച്ചിൻ തെൻഡുൽക്കർ, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്നിവരെ മാത്രം. ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവിയും കളിയിലെ താരമായ ധോണിയും ശാസ്ത്രിയുടെ ട്വീറ്റിന് പുറത്തായി. അതിന് ഒരു കൊട്ടുപോലെ യുവി കുറിച്ചു; 'നന്ദി സീനിയർ! താങ്കൾക്ക് വേണമെങ്കിൽ എന്നെയും മഹിയെയും ഇതിനൊപ്പം ടാഗ് ചെയ്യാം. ഞങ്ങളും ഈ കിരീടനേട്ടത്തിൽ പങ്കാളികളായിരുന്നു.! യുവരാജിന്റെ കമന്റിന് തൊട്ടുപിന്നാലെ ശാസ്ത്രി മറുപടി നൽകി. 'ലോകകപ്പുകളുടെ കാര്യത്തിൽ നിങ്ങൾ ഒരിക്കലും ജൂനിയറല്ല. ഇതിഹാസമാണ് താങ്കൾ'.