കോതമംഗലം: കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ വീടുകളിലും ആശുപത്രികളിലുമായി വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നവരുൾപ്പടെ നിരീക്ഷണത്തിലുള്ളത് 1987 പേരായിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്ന 860 പേർ നിരീക്ഷണ കലാവതി കഴിഞ്ഞതായും ബാക്കി 1127 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നതായും ആൻ്റണി ജോൺ എം.എൽ.എ പറഞ്ഞു.പല്ലാരിമംഗലം പഞ്ചായത്തിൽ 141 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത് ഇതിൽ 88 പേർ വിദേശത്ത് നിന്ന് എത്തിയവരും 53 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. വിദേശത്തു നിന്നും എത്തിയ 24 പേരും മറ്റുള്ള 23 പേരടക്കം 47 പേർ നിരീക്ഷണം പൂർത്തിയാക്കിയതായും 94 പേർ നിരീക്ഷണത്തിലുണ്ട്.വിദേശത്തു നിന്നും എത്തിയ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും കളമശേരി മെഡിക്കൽ കോളേജിൽ സുഖം പ്രാപിച്ചു വരുന്നു.

നെല്ലിക്കുഴി പഞ്ചായത്തിൽ 330 പേരിൽ വിദേശത്ത് നിന്നെത്തിയ 85 പേരും മറ്റുള്ള 32 പേരുമടക്കം 122 പേർ നിരീക്ഷണം പൂർത്തിയാക്കി. 208 പേർ നിരീക്ഷണത്തിലുണ്ട്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവർ വീട്ടിലെ അസൗകര്യം മൂലം ചെറുവട്ടൂർ ആയൂർവേദ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.