ജോഹന്നാസ്ബർഗ്: ആശങ്കകൾക്ക് വിരാമം, ഇന്ത്യയിൽ നിന്നും നാട്ടിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിൽ ആർക്കും തന്നെ കൊവിഡില്ല. പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്. നാട്ടിൽ തിരിച്ചെത്തിയത് മുതൽ ടീമംഗങ്ങളെ നിരീക്ഷിച്ച് വരികയായിരുന്നു. കോവിഡ് 19ന്റെ ഭീഷണിക്കിടയിലാണ് ഇന്ത്യയിലേക്ക് ഏകദിന പരമ്പര കളിക്കാൻ ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്.
കളിക്കാരെല്ലാം ഇത്രയും ദിവസം സൽഫ് ഐസൊലേഷനിലായിരുന്നു. നിരീക്ഷണ കാലയളവ് പൂർത്തിയായതോടെ, ഇനി അവർക്ക് ഐസൊലേഷനിൽ തുടരേണ്ടതില്ല. എന്നാൽ, രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കളിക്കാർക്ക് അവരവരുടെ വീടുകളിൽ തന്നെ കഴിയേണ്ടി വരും. സർക്കാരിന്റെ ലോക്ക്ഡൗൺ നിർദേശങ്ങൾ കളിക്കാരും പിന്തുടരുമെന്ന് മെഡിക്കൽ ടീം താരങ്ങളെ അറിയിച്ചിട്ടുണ്ട്.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയിൽ എത്തിയതെങ്കിലും ഒരു മത്സരം പോലും നടന്നില്ല. മഴയെ തുടർന്ന് ധരംശാലയിലെ ആദ്യ ഏകദിനം ഉപേക്ഷിച്ചപ്പോൾ, കൊവിഡിനെ തുടർന്ന് മറ്റ് രണ്ട് ഏകദിനങ്ങളം റദ്ദാക്കി. ലക്നൗവിലെ ഹോട്ടലിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് താരം കനിക കപൂർ താമസിച്ച അതേ ദിവസങ്ങളിലാണ് സൗത്ത് ആഫ്രിക്കൻ ടീമും തങ്ങിയതെന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.