ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് വായനശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണെങ്കിലും വായനക്കാരുടെ എണ്ണത്തിൽ ഇപ്പോൾ വൻ വർദ്ധനവാണ്. പുസ്തകങ്ങൾ വീട്ടുമുറ്റത്തെത്തിക്കുന്ന സംവിധാനം വായനശാലകൾ ഒരുക്കിയതോടെ വായനക്കാരുടെ എണ്ണം ഇരട്ടിയിലുമേറെയായി.
ലോക്ക് ഡൗണിന് മുമ്പ് ആഴ്ച്ചയിൽ ഒന്നോ രണ്ടോ പുസ്തകങ്ങൾ എടുത്തിരുന്നവർ ഇപ്പോൾ എണ്ണം വർദ്ധിപ്പിച്ചു. സമയക്കുറവിനാൽ പുസ്തകങ്ങളോട് വിടപറഞ്ഞവരും ഇപ്പോൾ വായനയുടെ ലോകത്തേക്ക് തിരിച്ചെത്തിയെന്ന് ഗ്രന്ഥശാലാ പ്രവർത്തകർ പറയുന്നു. രാജ്യത്ത് ജനത കർഫ്യൂവും പിന്നാലെ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെയാണ് എല്ലാ ലൈബ്രറികളും വായനക്കാരുടെയും അംഗങ്ങളുടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. പുസ്തകങ്ങൾ ആവശ്യമുള്ളവർ ഗ്രൂപ്പിൽ അറിയിച്ചാൽ ലൈബ്രേറിയൻ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതിയും ആവിഷ്കരിച്ചു.
വായനക്കാരുടെ എണ്ണം കൂടിയപ്പോൾ ചില ഗ്രന്ഥശാലകൾ വാട്ട്സ് ആപ്പിലൂടെ രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വായിച്ച പുസ്തകങ്ങളുടെ അവലോകനം, കുട്ടികൾക്കായി ചിത്രരചനാ, കവിത രചനാ മത്സരങ്ങൾ, ഉപന്യാസം എന്നിവയെല്ലാം സംഘടിപ്പിക്കുന്നു. ലോക്ക് ഡൗൺ കാലം വായനയുടെ വസന്തകാലമാണെന്ന് ഗ്രന്ഥശാല സംഘം പ്രവർത്തകർ വിലയിരുത്തുന്നു.
വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യത
ലോക്ക് ഡൗൺ കാലത്ത് ഗ്രാമീണ വായനശാലകൾ ആരംഭിച്ച വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടർന്നാണ് വാട്ട്സ് ആപ്പിലൂടെ രചനാമത്സരങ്ങളും സംഘടിപ്പിക്കാൻ ലൈബ്രറി കമ്മിറ്റികൾ തീരുമാനിച്ചത്. താലൂക്കിലെ 86 ലൈബ്രറികളിൽ 28 എണ്ണത്തിലും ഇത്തരം പ്രവർത്തനം നടക്കുന്നുണ്ട്. മുണ്ടക്കമറ്റം സഹൃദയ ലൈബ്രറി, വൈ.എം.എ പാറപ്പുറം, എം.ഇ.എസ് ലൈബ്രറി മുതിരക്കാട്ടുമുകൾ, എസ്.എൻ.ഡി.പി ലൈബ്രറി പാലിശേരി, വിദ്യാവിനോദിനി അശോകപുരം, നൊച്ചിമ സേവന എന്നിവയിലാണ് നന്നായി പ്രവർത്തനം നടക്കുന്നത്.
വി.കെ. ഷാജി,
സെക്രട്ടറി
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ