കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ 38 ഓളം വരുന്ന കന്യാസ്ത്രീ മഠങ്ങളിൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ആതുര ശുശ്രുഷ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന മഠങ്ങൾ ഇപ്പോൾ വളരെ കഷ്ടതയിലാണ്, റേഷൻ കാർഡുകളോ, പെർമിറ്റോ ഇല്ലാത്ത ഇവർക്കു റേഷൻ സാധനങ്ങൾ ലഭ്യമാകുന്നില്ല. കന്യാസ്ത്രി മഠങ്ങളെയും കോൺവെൻുകളെയും ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളും ഇതോടെ പ്രതിസന്ധിയിലായി. റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യമായി റേഷൻ സാധനങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം യാഥാർത്ഥ്യമാക്കണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ആധാർ കാർഡ് ഹാജരാക്കിയിട്ടും കന്യാസ്ത്രീ മഠങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ നിഷേധിക്കുകയാണെന്ന് സിറ്റി റേഷനിംഗ് ഓഫീസറെയും, ജില്ല സപ്ലൈ ഓഫീസറെയും അറിയിച്ചു. മുഖ്യമന്ത്രിക്കും, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി .തിലോത്തമനും ഇതു സംബന്ധിച്ച് പരാതി അയച്ചുവെന്നും എം.എൽ.എ പറഞ്ഞു