കോലഞ്ചേരി: ജോലിക്കുള്ള കൂലിയില്ല, ആശാ വർക്കർമാർക്ക് പണിയോടു പണി.കൊവിഡ്-19 രോഗ പ്രതിരോധ പ്രവർത്തന കാലത്ത് ആശാ വർക്കർമാർക്ക് അധിക ജോലി ഭാരമാണ്.സാമൂഹിക സേവനമെന്ന നിലയിൽ അതു ചെയ്യുന്നതിൽ പരിഭവമില്ല. പക്ഷേ, സുരക്ഷാ ഉപകരണങ്ങളായ മാസ്‌ക്, സാനി​റ്റൈസർ, കൈയ്യുറ തുടങ്ങിയവയില്ലാതെ ജോലി ചെയ്യുന്ന ആശങ്കയിലാണിവർ. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നത് ആരോഗ്യ മേഖലയിൽ ഏ​റ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഇവരാണ്. നിലവിൽ സംസ്ഥാന സർക്കാർ 4500 രൂപ, കേന്ദ്രസർക്കാർ 2000 രൂപ ആകെ 6500രൂപ. 500 രൂപ കൂടി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചെങ്കിലും ഇതു വരെ കിട്ടിയിട്ടില്ല.

#അമിത ജോലിഭാരം

വീടുകളിൽ നിരീക്ഷണത്തിലുള്ളവയക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതോടൊപ്പം സമീപ പ്രദേശങ്ങളിൽ ബോധവത്കരണവും നടത്തണം.നിരീക്ഷണത്തിലുള്ളവർക്ക് അസുഖ ലക്ഷണമുണ്ടോ എന്ന് നിരന്തരം അന്വേഷിക്കണം. ചിലരിൽ നിന്നു വ്യക്തമായ മറുപടിക്കു പകരം ചീത്തവിളിയും കേൾക്കേണ്ടി വരുന്നു. ഇതിനു പുറമേ നേരത്തേ ചെയ്തു വന്നിരുന്ന പതിവു ജോലികളും ചെയ്യുന്നുണ്ട്. ആവശ്യപ്പെടുന്ന ഓരോ സമയത്തും വിവരം നൽകണം, നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ അറിയിക്കണം.ഇതു കൂടാതെ പഞ്ചായത്തുകളുടെ വിവിധ ആരോഗ്യ സർവേ ( മന്ത്, കാൻസർ, വിവിധ കണക്കെടുപ്പുകൾ),നിരന്തരം വിവിധ യോഗങ്ങളിലും, പരിപാടികളിലും നിർബന്ധ ഹാജർ, വീട്ടിലെത്തിയാൽ പോലും വിവിധ സർവേകളുടെ കണക്ക് നൽകൽ. ആരോഗ്യ ഉദ്യേഗസ്ഥർ ആവശ്യപ്പെടുന്ന ഏതു നേരത്തും വിവരശേഖരണം നൽകൽ.5 ൽ അധികം റജിസ്റ്ററുമെടുത്ത് വീടുകൾ കയറിയിറങ്ങണം.