കൊച്ചി: ലോക്ക് ഡൗൺമൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കുമായി സർക്കാർ പ്രത്യേക സാമ്പത്തിക പായ്‌ക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപന്നങ്ങൾ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ഇരുമ്പുരുക്ക് വ്യാപാരികളെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ട്. സാമ്പത്തികമാന്ദ്യവും വ്യാപാരമാന്ദ്യവും മൂലം ലോക്ക് ഡൗണിനു മുൻപു തന്നെ മേഖല പ്രതിസന്ധിയിലാണ്. ലോക്ക് ഡൗൺ കാലത്ത് കട പൂട്ടിയിടുമ്പോൾ സിമന്റ് കട്ടപിടിച്ചുപോകാൻ സാധ്യതയുള്ളതിനാൽ സിമന്റ് വ്യാപാരികളെയും സർക്കാർ പരിഗണിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു.