അങ്കമാലി : അങ്കമാലി, ആലുവ നിയോജക മണ്ഡലങ്ങളിലെ എല്ലാ കമ്മ്യൂണിറ്റി കിച്ചണുകളിലേയ്ക്കും പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ മുനിസിപ്പാലിറ്റിയിലേയും ഒക്കൽ പഞ്ചായത്തിലേയും കമ്മ്യൂണിറ്റി കിച്ചണുകളിലേയ്ക്കും പലവ്യഞ്ജനങ്ങളും പച്ചക്കറിയും നാളെ മുതൽ പതിനാലാം തീയതിവരെ പൂർണമായും ലഭ്യമാക്കുമെന്ന് എം.എൽ.എമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി എന്നിവർ അറിയിച്ചു. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായ ഹൊർമീസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അങ്കമാലി നിയോജക മണ്ഡലത്തിൽ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 9 കമ്മ്യൂണിറ്റി കിച്ചണുകൾക്കും ആലുവ നിയോജക മണ്ഡലത്തിലെ 9 കമ്മ്യൂണിറ്റി കിച്ചണുകൾക്കും പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ 3 കമ്മ്യൂണിറ്റി കിച്ചണുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഏകദേശം 15000 ത്തോളം ആളുകൾക്കാണ് ഇവിടങ്ങളിൽ നിത്യേന ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിച്ചും വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയുമാണ് ഇവിടേയ്ക്കാവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഇപ്പോൾ ലഭ്യമാക്കുന്നത്. ഇത് തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എം.എൽ.എ മാർ ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ വിഭാഗവുമായി സംസാരിക്കുന്നതും ലോക്ക്ഡൺ പ്രഖ്യാപിച്ചിരിക്കുന്ന പതിനാലാം തീയതി വരെ കിച്ചണുകളിലേയ്ക്കാവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകാൻ ഫെഡറൽ ബാങ്ക് തയ്യാറായതും. കിച്ചണുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് അതാതു തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ വഴി ലഭ്യമാക്കുവാൻ എം.എൽ.എ മാർ നിർദേശം നൽകിയിരുന്നു. ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്ന ഈ ഭാരിച്ച ഉത്തരവാദിത്വത്തിന് നന്ദിയുണ്ടെന്നും ഇത് തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും എം.എൽ.എമാർ പറഞ്ഞു.