ആലുവ: കൊവിഡ് ഭീഷണിമൂലം സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നട്ടംതിരിയുകയാണ് ആലുവയിലെ ജനസേവ ശിശുഭവനിലെ അന്തേവാസി കുട്ടികൾ.

വ്യാജാരോപണങ്ങൾ ഉന്നയിച്ച് ജനസേവയുടെ നിയന്ത്രണം രണ്ട് വർഷം മുമ്പ് സർക്കാർ ഏറ്റെടുത്തെങ്കിലും അവിടേക്ക് തിരിഞ്ഞ്‌ നോക്കാതെ കുട്ടികളെ കഷ്ടപ്പെടുത്തുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. സർക്കാർ ഏറ്റെടുത്തതോടെ സ്‌പോൺസർഷിപ്പില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് ജനസേവ. കുട്ടികളുടെ ദൈനംദിന ചെലവുകളടക്കമുള്ള ഉത്തരവദിത്വങ്ങൾ നിറവേറ്റുന്നത് ജനസേവ ഭാരവാഹികളാണ്. ഈ അവസ്ഥയിലാണ് കോവിഡ് നിയന്ത്രണങ്ങൾ ജനസേവയെ പ്രശ്നത്തിലാക്കിയത്.

ഏറ്റെടുക്കുമ്പോൾ കുട്ടികളുടെ ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ, വസ്ത്രം എന്നിവയെല്ലാം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സർക്കാർ വഹിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇവരെ സർക്കാർ ചില്ലിക്കാശ്‌ ചെലവാക്കിയിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

ജനസേവ ചെലവാക്കിയ പണം സർക്കാരിൽനിന്നും ആവശ്യപ്പെട്ട് പലതവണ കളക്ടറെ സമീപിച്ചിട്ടും അനുകൂല നടപടി ഉണ്ടായില്ല. ഹൈക്കോടതിയിൽ പരാതി നല്കി കാത്തിരിക്കുകയാണ് ഭാരവാഹികൾ.