കോലഞ്ചേരി: ലോക്ക് ഡൗൺ ശക്തമായി തുടരുമ്പോഴും സൂര്യൻ മാത്രം ലോക്കല്ല. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ താപനില റെക്കോഡിലെത്തി. ഈ വർഷത്തെ ജില്ലയിൽ ഏ​റ്റവും ഉയർന്ന ചൂടായ 34.1 ഡിഗ്രി സെൽഷ്യസ് ഏപ്രിൽ ഒന്നിനാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കനത്ത ചൂടാണ്. മാർച്ച് 27 മുതൽ ജില്ലയിൽ 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.താപനില ക്രമാതീതമായി ഉയരുകയും വേനൽമഴ മുൻകാലത്തേക്കാളും കുറയുകയും ചെയ്യുന്നത് തിരിച്ചടിയാണ്.

ചൂട് വർദ്ധിക്കുന്നത് മൂലം സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വളരെയേറെ സാധ്യതയുണ്ട്. അതിനാൽ ലോക്ക് ഡൗണിൽ പൊതുജനങ്ങൾ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം.

#മുൻകരുതൽ

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മ​റ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.

#വെള്ളം ധാരാളം കുടിക്കുക

വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.ദാഹമില്ലെങ്കിൽപ്പോലും ഓരോ മണിക്കൂറിലും രണ്ടുമുതൽ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കുക.

തണലുകളിൽ നിൽക്കാൻ ശ്രമിക്കുക.വെയിലത്തിറങ്ങുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കുക.വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കുക.

#സൂര്യാഘാതം സൂക്ഷിക്കുക

വീട്ട് മുറ്റത്തേക്കിറങ്ങുകയാണെങ്കിൽ ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുക. രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏ​റ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാദ്ധ്യതയൊരുക്കുന്നതും.

#ആഹാരം ഒഴിവാക്കരുത്

നിശ്ചിത ഇടവേളകളിൽ ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്. ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ ധാരാളം പഴവർഗങ്ങൾ കഴിക്കുക.

#വേനൽക്കാല രോഗങ്ങൾ

വേനൽക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം. കണിന് അലർജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്, കൺകുരു, കണ്ണിനുണ്ടാകുന്ന വരൾച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക.