.മൂവാറ്റുപുഴ: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം മൂന്ന് ദിവസം പിന്നിടുമ്പോൾ മൂവാറ്റുപുഴ താലൂക്കിൽ ഇതുവരെ 24000 റേഷൻ കാർഡുടമകളാണ് റേഷൻ വാങ്ങിയത്. താലൂക്കിലെ 159 റേഷൻ കടകളിലായി 85000 ത്തോളം റേഷൻ കാർഡുടമകളാണുള്ളത്. ഇതിൽ 24000ത്തോളം പേർ ഇന്നലെ വരെ റേഷൻ വാങ്ങി.
ഇതോടൊപ്പം തന്നെ എല്ലാ റേഷൻ കടകളിലും നിരീക്ഷണം തുടരും. റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതനുസരിച്ച് സാധനങ്ങൾ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടന്ന് സപ്ലൈഓഫീസർ ടി.ജി.അനിൽകുമാർ പറഞ്ഞു. എല്ലാ ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് സൗജന്യ റേഷൻ വിതരണം ചെയ്യുന്നത്. ഏപ്രിൽ 20ന് സൗജന്യ റേഷൻ വിതരണം അവസാനിക്കും. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പാലിച്ചാണ് റേഷൻ വിതരണം. ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടേയും സഹായവും ലഭിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശപ്രകാരം വ്യക്തിശുചിത്വം പാലിക്കുന്നതിനു വേണ്ട ക്രമീകരണം മുഴുവൻ റേഷൻ കടകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ആളുകൾ കൂട്ടമായി എത്തിയത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവെങ്കിലും കൃത്യമായ ശാരീരിക അകലവും വ്യക്തി ശുചിത്വം പാലിച്ചുമാണ് ആളുകൾ റേഷൻ വാങ്ങിയത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെയും വിവിധ റേഷൻ കടകൾ സന്ദർശിച്ചു.