ആലുവ: സർക്കാർ അനുവദിച്ച ക്ഷേമ പെൻഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വന്നെങ്കിലും കൈയിൽ കിട്ടാതെ ഒരു വിഭാഗം. ലോക്ക് ഡൗണിന്റെ ഭാഗമായി സർക്കാർ അടിയന്തരമായി അനുവദിച്ച രണ്ട് മാസത്തെ വിവിധ ക്ഷേമപെൻഷനുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വന്നെങ്കിലും മസ്റ്ററിംഗ് നടത്തിയില്ലെന്ന കാരണത്താൽ നിരവധി പേർക്ക് തുക കൈപ്പറ്റാനാകുന്നില്ല. മസ്റ്ററിംഗ് നടത്താത്തതിനാൽ അനുവദിച്ച് വന്ന തുക തദ്ദേശ സ്ഥാപനങ്ങൾ വിതരണത്തിനായി നൽകിയില്ല.
വിധവ, വാർദ്ധക്യ വിഭാഗത്തിൽപ്പെട്ട പെൻഷകാരാണ് മസ്റ്ററിംഗ് നടത്താത്തതിൽ അധികവും.
മസ്റ്ററിംഗിനായി അക്ഷയ കേന്ദ്രങ്ങളിൽ ചെന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുടങ്ങി. ഇനി മൂന്ന് മാസത്തെ പെൻഷൻ കൂടി സർക്കാർ അനുവദിക്കുമെന്ന് പറഞ്ഞ സാഹചര്യത്തിൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇക്കൂട്ടർ. ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയ ഇവർക്ക് മസ്റ്ററിംഗിന്റെ പേരിൽ പെൻഷൻ നിഷേധിക്കരുതെന്നും അനുവദിച്ച തുക അടിയന്തരമായി നൽകണമെന്നും ആവശ്യപ്പെട്ട് കടുങ്ങല്ലുർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.