ചെന്നൈ: റെസ്റ്റോറന്റിൽ മുതൽ മാർക്കറ്റിൽ വരെ റോബോർട്ടുകളെ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, മരുന്ന് നൽകാൻ നഴ്‌സിന് പകരം റോബോട്ട് എത്തിയാലോ? കൊവിഡ് 19 വ്യാപനത്തിൽ അണുപ്രസരണം തടയുക എന്ന ലക്ഷ്യത്തോടെ റോബോട്ട് നഴ്‌സുകളെ ഉപയോഗിക്കുകയാണ് തമിഴ്നാട്ടിലെ ആശുപത്രികൾ. നഴ്‌സുമാർക്കുള്ള അണുബാധ സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.
ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ വെള്ളിയാഴ്ച സ്റ്റാൻലി ആശുപത്രി സന്ദർശിച്ചു.
കൊവിഡ് രോഗികൾക്ക് റോബോട്ടിക് നഴ്‌സുമാർ ഭക്ഷണവും മരുന്നും നൽകുമ്പോൾ രോഗികളുമായുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ചില ആശുപത്രി കെട്ടിടങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. കൊറോണ വൈറസിൽനിന്ന് രക്ഷനേടാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ചെന്നൈ പൊലീസും ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.