പറവൂർ : നിത്യവും കഴിക്കുന്ന മരുന്ന് കിട്ടാതിരുന്ന പ്രമേഹരോഗിയായ വയോധികക്ക് പറവൂർ അഗ്നിശമനസേന മരുന്ന് വീട്ടിലെത്തിച്ചു നൽകി. ചേന്ദമംഗലം കിഴക്കുംപുറത്തുള്ള ആലിയംവീട്ടിൽ ഖദീജയ്ക്കാണ് മരുന്നെത്തിച്ചത്. സ്ഥിരം കഴിക്കുന്ന മരുന്ന് കിട്ടാതായതൊടെ വിവരം ഇവരുടെ ബന്ധുക്കൾ മുഖേന അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. ചെർപ്പുളശേരി സഹകരണ ആശുപത്രിയിലെ ചികിത്സയിലായതിനാൽ അവിടെനിന്ന് മരുന്നുകൾ ലഭ്യമാക്കുന്നതിന് സഹായിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. തുടർന്ന് പറവൂർ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥർ പെരിന്തൽമണ്ണ നിലയവുമായി ബന്ധപ്പെട്ടു. പെരിന്തൽമണ്ണ എസ്.ടി.ഒ മരുന്നുവാങ്ങി വടക്കാഞ്ചേരി നിലയത്തിൽ എത്തിച്ചു. വടക്കാഞ്ചേരിയിലെ ജീവനക്കാർ മരുന്ന് തൃശൂർ നിലയത്തിൽ എത്തിച്ചു. തുടർന്ന് അവിടെ ഉണ്ടായിരുന്ന ആലുവ നിലയത്തിലെ ജീപ്പിൽ അഗ്നിശമന ഉദ്യോഗസ്ഥൻ പ്രദീപ് ഉടനെ പറവൂർ നിലയത്തിൽ എത്തിച്ചു. പറവൂർ നിലയത്തിലെ ജീവനക്കാർ ഖദീജയുടെ വീട്ടിലെത്തി മരുന്ന് കൈമാറി.