ചെന്നൈ: കൊവിഡ് ബാധിതരുടെ എണ്ണം തമിഴ്‌നാട്ടിൽ ദിനം പ്രതി വർദ്ധിക്കുന്നു. രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് സംസ്ഥാനം. തമിഴ്‍നാട്ടിൽ പുതിയതായി 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 411 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച 309 പേരിൽ 294 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് കണ്ടെത്തിയിരുന്നു. 1103 പേരെ ഐസൊലേഷനിലാക്കിയെങ്കിലും ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക പ്രായോഗികമല്ലെന്ന് ആരോഗ്യവിഭാഗം പറയുന്നു.
ഇന്തോനേഷ്യൻ, തായ്‍ലൻഡ് സ്വദേശികൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നടത്തിയ പ്രാർത്ഥനാ ചടങ്ങിൽ നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മതനേതാക്കളുമായി ബന്ധപ്പെട്ട് പൊലിസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അതിനിടെ ചെന്നൈ ഫീനിക്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുൾപ്പെടെ നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാർച്ച് 10 മുതൽ 17 വരെ മാൾ സന്ദർശിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് സർക്കാർ നിർദേശിച്ചു.