പെരുമ്പാവൂർ: ഭക്ഷണമില്ലാതെ വലഞ്ഞ് വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിച്ചിരുന്ന 42 അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം. ഇവരെ പുതിയ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
പെരുമ്പാവാവൂർ നഗരമദ്ധ്യത്തിൽ 21ാം വാർഡിലാണ് സംഭവം. തലയൊന്നിന് 800 രൂപ ഈടാക്കിയാണ് കെട്ടിട ഉടമയായ കാരോത്തി വീട്ടിൽ ദാവൂദ് ഇബ്രാഹീം തൊഴിലാളികളെ അനധികൃതമായി തൊഴുത്തിനോട് ചേർന്ന് താമസിപ്പിച്ചിരുന്നത്. ലോക്ക് ഡൗണിന് ശേഷം വാടക ഒഴിവാക്കി കൊടുത്തെങ്കിലും ഭക്ഷണമോ ഭക്ഷണസാമഗ്രികളോ ഉടമ നൽകിയില്ല. അസം, ബംഗാൾ , ഒറീസ സ്വദേശികളാണ് ഇവർ. തുടർന്ന് പൊലീസും തഹസീൽദാർ, ലേബർ ഓഫീസർ, മുനിസിപ്പൽ ചെയർപെഴ്‌സൺ ഉൾപ്പെടെയുളള മുഴുവൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഭക്ഷണം നൽകുന്നതിനും പരിപാലിക്കുന്നതിനും കഴിയില്ലെന്ന് കെട്ടിട ഉടമ ആവർത്തിച്ചതോടെ മുഴുവൻ പേരെയും പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലേക്ക് മാറ്റി. കെട്ടിട ഉടമയ്‌ക്കെതിരെ കേസുമെടുത്തു. ലോക്ക് ഡൗൺ തീരും വരെ ഇവരെ ഇവിടെ താമസിപ്പിക്കും.