ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് ലിഫ്റ്റ് ഇറിഗേഷനിൽ പമ്പിംഗ് സമയം വെട്ടിച്ചുരുക്കിയതോടെ കടുങ്ങല്ലൂർ, ആലങ്ങാട്, ഉളിയന്നൂർ മേഖലയിലെ കർഷകർ പ്രതിസന്ധിയിലായി. കനാലുകളിൽ വെള്ളം വരാതെയായതോടെ കിണറുകളിലെ ഉറവയും വറ്റിയത് കുടിവെള്ളക്ഷാമത്തിനും കാരണമായി.
# പമ്പിംഗ് ചുരുക്കിയത് പാരയായി
ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തുനിന്ന് തുടർച്ചയായി 20 മണിക്കൂർ ഉണ്ടായിരുന്ന പമ്പിംഗാണ് എട്ട് മണിക്കൂറായി ചുരുക്കിയത്. 75,100, 125 എച്ച്.പി.യുള്ള മൂന്ന് മോട്ടോറുകൾ 20 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ മാത്രമേ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ വെള്ളമെത്തുകയുള്ളു. കഴിഞ്ഞദിവസം മുതൽ 125 ന്റെ ഒരു മോട്ടോർ എട്ട് മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതേത്തുടർന്ന് കർഷകാർക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാതെ ദുരിതത്തിലാണ്. പ്രധാനകനാൽ ഒമ്പത് കിലോമീറ്ററും ഉപകനാലുകൾ കൂടി 20 കിലോമീറ്റർ ദൈർഘ്യം വരുന്ന പ്രദേശത്ത് ഒരു മോട്ടോർ മാത്രം എട്ട് മണിക്കൂർ പ്രവർത്തിപ്പിച്ചാൽ പടിഞ്ഞാറെ കടുങ്ങല്ലൂർവരെയേ കഷ്ടി വെള്ളമെത്തുകയുള്ളു.
# കനാൽവെള്ളം എത്തിയിട്ട് ദിവസങ്ങളായി
ഉപകനാലുകൾ പോകുന്ന കയന്റിക്കര, മുതലപ്പാടം, എരമം, തിരുവാല്ലുർ, മറിയപ്പടി, കണിയാംകുന്ന്, യു.സി. കോളേജ്, ആലങ്ങട് എന്നിവിടങ്ങളിൽ കനാൽവെള്ളം എത്തിയിട്ട് ദിവസങ്ങളായി. ഈ പ്രദേശത്തെ വാഴ, പച്ചക്കറി തുടങ്ങിയ കാർഷിക വിളകൾ ഉണങ്ങി.
# നടപടി പുനപ്പരിശോധിക്കണം
വൈദ്യുതി ചാർജ് ലാഭിക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നതെന്ന് കർഷകർ ആരോപിച്ചു. 20 മണിക്കൂർ പമ്പിംഗ് എട്ട് മണിക്കൂറായി ചുരുക്കിയ നടപടി പുനപ്പരിശോധിക്കണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി അധികൃതരോട് ആവശ്യപ്പെട്ടു.