കൊച്ചി: ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ ആദിവാസികളുടെ ക്ഷേമത്തിൽ ശ്രദ്ധ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഊരുകളിൽ കൊവിഡ് -19 ബോധവത്കരണവും സമാശ്വാസ നടപടികളും ആരംഭിച്ചു. ആലുവ, ഇടമലയാർ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളാണ് മേൽനോട്ടം വഹിക്കുന്നത്.

ഉൗരുകളിൽ 498 പോഷകാഹാര കിറ്റുകളും 321 ഭക്ഷ്യസഹായ കിറ്റുകളും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. രണ്ട് ദിവസം കൊണ്ട് മുഴുവൻ പേർക്കും കിറ്റ് ലഭ്യമാക്കും.
രോഗത്തെക്കുറിച്ച് പട്ടികവർഗ മേഖലയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എസ്.സി പ്രമോട്ടർമാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ മുഖേന വീടുകൾ സന്ദർശിച്ച് സാനിറ്റൈസർ വിതരണവും നടത്തുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കോളനികളിൽ പുറത്തുനിന്നുള്ള സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇടമലയാറിലെ പട്ടികവർഗ കോളനികളിൽ ഭക്ഷ്യസഹായ വിതരണ പദ്ധതിയുടെ ആദ്യഘട്ടമായി 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മറ്റ് അർഹരായവർക്കും 385 പോഷകാഹാരകിറ്റുകൾ വിതരണം ചെയ്തു. കൺസ്യൂമർഫെഡിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ കുട്ടമ്പുഴ സഹകരണ ബാങ്ക് സൊസൈറ്റി സ്റ്റോർ മുഖേനെയാണ് കിറ്റുകളാക്കിയത്.
കുട്ടമ്പുഴ പഞ്ചായത്തിലെ 17 കോളനികളിലും സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരുടെയും മറ്റ് രോഗികളുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മരുന്നുകൾ, അടിയന്തരസാഹചര്യത്തിൽ ചികിത്സാ ആവശ്യങ്ങൾക്ക് വാഹനം എന്നിവ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പട്ടികവർഗ വികസന വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. വെള്ളാരംകുന്ന് കോളനിയിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേരുടെയും രോഗപരിശോധനാഫലം നെഗറ്റീവായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.