joging

കൊച്ചി: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പ്രഭാത നടത്തയ്ക്ക് ഇറങ്ങിയവരെ കുടുക്കിയത് ഡ്രോൺ നിരീക്ഷണം. നിർദേശങ്ങൾ ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നു രാവിലെ കൊച്ചി പനമ്പള്ളി നഗറിലെ വാക്ക് വേയെ നിരീക്ഷണത്തിലാക്കി ഡ്രോൺ പറത്തിയത്. അതിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ കുടുങ്ങുകയും ചെയ്തു. പ്രായമായവരും കൂട്ടത്തിലുണ്ട്. രാവിലെ 6.05 മുതൽ അരമണിക്കൂർ നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് നാൽപ്പത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തത്.

ഈ വാക്ക് വേ പ്രഭാത സവാരിക്കാരുടെ ഇഷ്ടകേന്ദ്രമാണ്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ പലരും പ്രഭാത നടത്തം ഒഴിവാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങിൽ വീണ്ടും പലരും നടത്തം തുടങ്ങി. ഇതറിഞ്ഞാണ് പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ഞങ്ങൾ പൊലീസ് നിർദേശമൊന്നും അറിഞ്ഞിരുന്നില്ലെന്ന മറുപടിയാണ് അറസ്റ്റിലായ പലരും പൊലീസിനോട് പറഞ്ഞത്. ഇനിയും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടി എടുക്കാനാണ് പൊലീസ് തീരുമാനം. അറസ്റ്റിലായവരെ ജാമ്യം നൽകി വിട്ടയച്ചു.