police

കൊച്ചി: എവിടേയ്ക്കാ മോനെ.. പരിശോധനയ്ക്കിടെ കാറോടിച്ചിരുന്ന 19കാരനോട് പൊലീസ് ചോദിച്ചു. അമ്മൂമ്മയ്ക്ക് മരുന്നു വാങ്ങി വരികയാണെന്ന് ദയനീയ ശബ്ദത്തിൽ മറുപടി. ഇതുകേട്ട് പൊലീസുകാരൻ വാഹനം പോട്ടെയെന്ന് ആക്ഷൻ കാട്ടി. പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി പൊലീസുകാരൻ ചോദിച്ചു. എന്നാൽ, മറുപടി യുവാവിന്റെ അറസ്റ്റിലാണ് കലാശിച്ചത്. അമൃതാഞ്ജൻ വാങ്ങാനാണ് ഇയാൾ ആഢംബര കാറിൽ നഗരം കറങ്ങിയത്. എന്നാൽ, വീടിൽ നിന്നും നഗരത്തിൽ എത്തുന്നതിനിടെ 10 ഓളം മെഡിക്കൽ ഷോപ്പുകൾ ഉണ്ടായിരുന്നിട്ടും മൂവാറ്റുപഴ നഗരത്തിലേക്ക് വണ്ടി ഓടിച്ചെത്തിയതാണ് യുവാവിന് വിനയായത്. ഇന്നലത്തെ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.

ഇത് മാത്രമല്ല, ജനറൽ ആശുപത്രിയിലെ ഒ.പി ചീട്ടുമായി എത്തിയവരും നിരവധിയായിരുന്നു. ചീട്ടുണ്ട്. പക്ഷേ, ഡോക്ടറെ കണ്ടിട്ടില്ല.അടുത്ത ദിവസങ്ങളിൽ ജനറൽ ആശുപത്രിയിൽ ഒ.പി ചീട്ടിനു വരുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെങ്കിലും ഡോക്ടറെ കാണുന്നവർ കുറവാണന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. പൊലീസിന്റെ കണ്ണിൽ പൊടിയിടാൻ പല തന്ത്രങ്ങളാണ് ആളുകൾ പയറ്റുന്നത്. ഇത്തരം ആളുകൾ പുതിയ നമ്പരുമായി റോഡിലിറങ്ങുമ്പോൾ, യഥാർത്ഥ ആവശ്യങ്ങളുമായി എത്തുന്ന നിരപരാധികളെയും സംശയത്തിന്റെ കണ്ണോടെ നോക്കേണ്ട അവസ്ഥയിലാലാണെന്ന് മൂവാറ്റുപുഴ എസ്.ഐ. ടി.എം.സൂഫി പറഞ്ഞു. ഇന്നലെ നടന്ന വാഹന പരിശോധനയിൽ 25 ഓളം വാഹനങ്ങളാണ് മൂവാറ്റുപുഴയിൽ മാത്രം പിടികൂടിയത്.