കൊച്ചി: ലോക്ക് ഡൗൺ സമയത്തും ജോലികൾ തുടർന്ന് അക്ഷയകേന്ദ്രം പ്രവർത്തകർ .അക്ഷയകേന്ദ്രങ്ങൾ അടഞ്ഞുവെങ്കിലുംകൊവിഡ്-19 വരവ് അറിയിച്ചതു മുതൽ അക്ഷയകേന്ദ്രം പ്രവർത്തകർ വിശ്രമം അറിഞ്ഞിട്ടില്ല . പ്രതിഫലം നിശ്ചയിച്ചിട്ടില്ലെന്ന അറിയിപ്പോടെയാണ് സർക്കാർ ഈ ചുമതലകൾ ഇവരെ ഏല്പിച്ചത്. അതേസമയം ഇത്ര സേവന സന്നദ്ധതയോടെ പ്രവർത്തിച്ചിട്ടും സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്ന് അക്ഷയകേന്ദ്രം നടത്തിപ്പുകാർക്ക് പരാതിയുണ്ട്.

# പ്രളയസഹായം നിഷേധിച്ചു

പ്രളയം സമ്മാനിച്ച സാമ്പത്തിക നഷ്‌ടങ്ങളിൽ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ലെന്ന് പറവൂർ ഗോത്തുരുത്ത് അക്ഷയകേന്ദ്രത്തിലെ അമ്പിളി പറഞ്ഞു. കമ്പ്യൂട്ടറുകൾ, ഫോട്ടാസ്റ്റാറ്റ് മെഷിൻ തുടങ്ങി എല്ലാ സാധനങ്ങളും വെള്ളം കയറി നശിച്ചു. വായ്പയെടുത്താണ് പിന്നീട് എല്ലാം വാങ്ങിയത്. നാശനഷ്‌ടങ്ങളുടെ കണക്ക്പലവട്ടം നൽകിയിട്ടും ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് അമ്പിളി പറഞ്ഞു.

# അന്യസംസ്ഥാനക്കാർക്ക് ആശ്രയമായി

സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള മസ്റ്ററിംഗിനിടെ അക്ഷയ പ്രവർത്തകർ മാനസിക പ്രശ്നമുള്ളവരുടെ മർദ്ദനത്തിനിരയായി. കൃഷ്ണമണിയുടെ ചിത്രം പകർത്താനുള്ള ശ്രമമാണ് അവരെ പ്രകോപിപ്പിച്ചത്.നായരമ്പലത്തെ അക്ഷയ നടത്തിപ്പുകാരിയായ സുമിത്ര മസ്റ്ററിംഗിനായി 130 വീടുകളാണ് കയറിയിറങ്ങിയത്. ഉൾനാടൻ പ്രദേശങ്ങളിലുള്ളവർ ഇതിലേറെ യാതനകൾ നേരിട്ടു. ബാങ്ക് കിയോസ്കുകളായി പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങൾ അന്യ സംസ്ഥാനക്കാരുടെ സൗകര്യത്തിനായി ഞായറാഴ്ചയും പ്രവർത്തിക്കാറുണ്ട്.ആധാർ, മസ്റ്ററിംഗ് ജോലികൾ ചെയ്ത വകയിൽ സർക്കാരിൽ നിന്ന് ഇനിയും അക്ഷയകേന്ദ്രങ്ങൾക്ക് കുടിശിക കിട്ടാനുണ്ട്.

# ഇരുളടഞ്ഞ ഭാവി

ഭൂരിഭാഗം അക്ഷയകേന്ദ്രങ്ങളും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്നോ നാലോ ജീവനക്കാരുണ്ടാവും. വാടക, ശമ്പളം , ഫോൺ, ഇന്റർനെറ്റ് ചാർജ് എന്നിവയെല്ലാം കൂടി കുറഞ്ഞത് അര ലക്ഷയോളം രൂപ പ്രതിമാസ ചെലവു വരുമെന്ന് ആലിൻചുവട് അക്ഷയകേന്ദ്രത്തിലെ സിനി പറഞ്ഞു . സർക്കാർ സഹായമില്ലാതെ കൊവിഡ് പ്രതിസന്ധി മറികടക്കാനാവില്ല. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിലും ഐ.ടി വകുപ്പിന്റെ ഫണ്ടിൽ നിന്ന് ധനസഹായം അനുവദിക്കാൻ സർക്കാർ കനിവ് കാട്ടണമെന്ന് ആണ് അഭ്യർത്ഥന.

രോഗവ്യാപനത്തിന് ശേഷം നാട്ടിലെത്തിയ പ്രവാസികളുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറി.

പ്രമേഹം, കിഡ്നി സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് ചികിത്സ തേടുന്നവരുടെ ഡാറ്റാ ശേഖരണം ആരംഭിച്ചു.

കിടപ്പു രോഗികളുടെ വിവരങ്ങളും ഇതിൽ പെടും.

അന്യസംസ്ഥാനക്കാർ അധികംപേരും നാട്ടിലേക്കുള്ള പണമിടപാടുകൾ നടത്തുന്നത് അക്ഷയവഴിയാണ്.