കൊച്ചി: ലോക്ക് ഡൗൺ കാലാവധി കഴിയുമ്പോൾ ഉണ്ടായേക്കാവുന്ന അടച്ചുപൂട്ടലിൽ നിന്ന് കരകയറാൻ കുറച്ചുദിവസമെങ്കിലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകിട വ്യവസായികൾ. തീപ്പെട്ടിക്കൊള്ളി നിർമ്മിക്കുന്ന യൂണിറ്റുകളു ഉടമകളാണ് സർക്കാരിനെ സമീപിച്ചത്. തീപ്പെട്ടിക്കൊള്ളി നിർമ്മിക്കാൻ ശേഖരിച്ച മട്ടിമരം നശിച്ചുപോകുന്നതിനെ തുടർന്നാണ് അപേക്ഷ.

പാഴ്‌മരമാണ് മട്ടി. അകത്ത് നീരില്ലാത്ത മരമായതിനാൽ മുറിച്ച് ഒരാഴ്ച കൊണ്ട് കറുത്തു ഉപയോഗശൂന്യമാകും.

പല യൂണിറ്റുകളിലും ശേഖരിച്ച മട്ടിമരം ചീത്തയാവാൻ തുടങ്ങി. ഉണക്കി സൂക്ഷിക്കാൻ മൂന്ന് ദിവസമെങ്കിലും പണിയെടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. മരം പൂർണ്ണമായും നശിച്ചുപോയാൽ പിന്നെ കരകയറി വരാൻ പോലുമാകാതെ കമ്പനികൾ പൂട്ടിപ്പോകുമെന്നാണ് ഉടമകൾ പേടിക്കുന്നത്. കേരളത്തിൽ നാലുവർഷം മുമ്പ് ആയിരത്തോളം യൂണിറ്റുകളുണ്ടായിരുന്നത് നിലവിൽ 250ലും താഴെയായി. എറണാകുളം ജില്ലയിൽ 24 യൂണിറ്റുകളാണുള്ളത്.

കേരളത്തിലെ യൂണിറ്റുകളിൽ അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതൽ. മിക്കയിടങ്ങളിലും ഭാര്യയും ഭർത്താവും കുടുംബമായാണ് ജോലിയ്ക്കുള്ളത്. താമസം കമ്പനിയ്ക്കുള്ളിലോ തൊട്ടടുത്തോ ആണ്. ഇവർക്ക് വന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് തീപ്പെട്ടിക്കൊള്ളി നിർമ്മാണ യൂണിറ്റുടമകൾ പറയുന്നു.

"രാജ്യമാകെ ഇല്ലാതെയാകുമെന്ന് ഭയപ്പെടുമ്പോൾ അതിൽ നിന്ന് മാറി നിന്ന് സ്വന്തം കാര്യം നോക്കാൻ വേണ്ടിയല്ല ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നത്. എല്ലാം പഴയതുപോലെയാകുമ്പോൾ സ്വന്തമായി ഒന്നും അവശേഷിക്കില്ലെന്ന പേടിയുള്ളത് കൊണ്ടാണ് . മട്ടിമര ശേഖരം മൂന്ന് ദിവസം കൊണ്ട് ഉണക്കിയെടുക്കാം. ജോലി ചെയ്യുന്നവർ പുറത്ത് പോകേണ്ട ആവശ്യവും വരുന്നില്ല. സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളത്"

കെ. എം ഹുസൈൻ പള്ളിക്കര

പ്രസിഡന്റ്

കേരള സംസ്ഥാന തീപ്പെട്ടിക്കൊള്ളി നിർമ്മാതാക്കളുടെ അസോസിയേഷൻ