അങ്കമാലി: കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ ഒലിവേലിച്ചിറയിലും മാവേലിമറ്റത്തും ഇന്നലെ രാത്രി കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അജിത്ബാബു ജേക്കബ്, മാടശേരി ജോയി, എൽസി, അയ്യപ്പൻ, പി.ടി. സാബു എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ തേർവാഴ്ച നടത്തിയത്. ഏത്തവാഴ, റബർ, പ്ലാവ്, മാവ്, പൈനാപ്പിൾ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. വനത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് മാവേലിമറ്റം.
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി. ബിബീഷ്, വാർഡ് മെമ്പർ ഡെയ്‌സി ഉറുമീസ് എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

വനംവകുപ്പ് വാഴച്ചാൽ ഡിവിഷനിൽ അതിരപ്പിള്ളി റേഞ്ചിലെ ഒലിവേലി വനത്തിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ മേഖലയായ ഒലിവേലി, പോർകുന്നം പാറ, എടലക്കാട്, കട്ടിംഗ്, പൂതംകുറ്റി പ്രദേശങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. കൃഷിനാശമുണ്ടായ കർഷകരുടെ മുമ്പിൽ കൈമലർത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
# വൈദ്യുതികമ്പിവേലി പ്രവർത്തനക്ഷമമല്ല

വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതികമ്പിവേലി പ്രവർത്തനക്ഷമമല്ലാത്തതാണ് പ്രധാനപ്രശ്‌നം. വനാതിർത്തിയിൽ കിടങ്ങുകൾ കുഴിക്കണമെന്ന നാട്ടുകാരുടെ മുറവിളിയും അധികൃതർ ചെവിക്കൊള്ളുന്നില്ല.
വന്യമൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒലിവേലിയിൽ വനത്തിനുള്ളിൽ നിർമ്മിച്ചിട്ടുള്ള ഇന്ത്യാക്കുളം വറ്റിവരണ്ടുകിടക്കുകയാണ്. കുളത്തിൽ അടിഞ്ഞുടിയിട്ടുള്ള മണ്ണ് നീക്കം ചെയ്താലേ ജലസംരംഭണം നടക്കുകയുള്ളു.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും അവരുടെ സേവനം ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
# നഷ്ടപരിഹാരം നൽകണം

കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ് എന്നിവർ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. വനത്തോട് ചേർന്നുള്ള ജനവാസ മേഖലകളിൽ രാത്രികാലങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.